ന്യൂദല്‍ഹി: അമേരിക്കന്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സഹസംവിധായകന്‍ മുഹമ്മദ് ഫറൂഖിക്ക് ഏഴ് വര്‍ഷം തടവ്. കൂടാതെ 50000 രൂപ പിഴയായി അടയ്‌ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ദല്‍ഹി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി ഫറൂഖി തടവ് ശിക്ഷ അനുഭവിക്കണം.
കേസില്‍ ഫറൂഖി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ബോളിവുഡ് ചിത്രം പീപ്പ്‌ലി ലൈവിന്റെ സംവിധായകനാണ് മുഹമ്മദ് ഫാറൂഖി. കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്ന് ഗവേഷണത്തിനായി ഭാരതത്തിലെത്തിയ 35 കാരിയായ അമേരിക്കന്‍ സ്വദേശിനിയെയാണ് സംവിധായകന്‍ പീഡിപ്പിച്ചത്.
2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദക്ഷിണ ദല്‍ഹിയിലെ വസതിയില്‍ വച്ച് മദ്യലഹരിയില്‍ സംവിധായകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. താന്‍ നടത്തുന്ന ഗവേഷണത്തിനായി പെണ്‍കുട്ടി സംവിധായകന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ 19ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ മുഖേനയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മാപ്പപേക്ഷിച്ച് സംവിധായകന്‍ പെണ്‍കുട്ടിക്ക് അയച്ച സന്ദേശങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു.
















