ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയിലായ ഭാരത പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം വൈകുന്നു. ഹജ്ജ് വിമാനത്തില്‍ ഹാജിമാര്‍ അല്ലാത്തവരെ തിരികെ കൊണ്ടുവരാന്‍ അനുമതി കിട്ടാത്തതാണ് കാരണം.
ഹാജിമാരെ കൊണ്ടുവരുന്ന വിമാനത്തില്‍ മറ്റ് യാത്രക്കാരെ കയറ്റില്ലെന്ന നിയമത്തില്‍ ഇളവ് അനുവദിച്ചാലേ മടക്കം സാധ്യമാകൂ. ഈ നിയമത്തില്‍ ഇളവ് വരുത്തണമെന്ന് സൗദി വ്യോമയാന മന്ത്രാലയത്തെ ഭാരത സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ മടക്കയാത്ര സാധ്യമാക്കുമെന്ന് സൗദി അധികൃതര്‍ ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് അറിയിച്ചു.
ഇന്ന് രാത്രിയോടെ ആദ്യ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് കേന്ദ്ര സഹമന്ത്രി വി.കെ സിംഗിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ന് ഉച്ചയോടെ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇഖാമ ലഭിച്ചവര്‍ക്ക് ഫ്രീ എക്സിറ്റ് വിസ ലഭിക്കാന്‍ വൈകുന്നതും മടക്കയാത്ര വൈകുന്നതിന് കാരണമായിട്ടുണ്ട്.
തൊഴിലാളികളുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കാനും സ്‌പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റാനും സൗദി തൊഴില്‍ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ദൗത്യവുമായി ഇന്നലെ പുലര്‍ച്ചെയാണ് വി.കെ. സിങ് സൗദിയിലെത്തിയത്. അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് എന്നിവരും ഉദ്യോഗസ്ഥരും ജിദ്ദയിലെത്തിയ മന്ത്രിയെ സ്വീകരിച്ചു.
















