പ്രതാപ് പോത്തന്, അഞ്ജലി മേനോന്
കൊച്ചി: അഞ്ജലി മേനോന്റെ തിരക്കഥയില്‍ ‘ലവ് ഇന്‍ അന്‍ജെംഗോ’ സംവിധാനം ചെയ്യാന്‍ താത്പര്യമില്ലെന്ന് പ്രതാപ് പോത്തന്. തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ സിനിമ ഉപേക്ഷിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് പ്രതാപ്പോത്തന് അറിയിച്ചത്.സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനെയാണ് നായകനായി നിശ്ചയിച്ചത്.
നായിക ലക്ഷ്മി മേനോന്.
”ആസ്വദിച്ചു ചെയ്യാനാകുമെങ്കില്‍ മാത്രമേ സിനിമ ചെയ്യാറുള്ളൂ. ഏതെങ്കിലുമൊരു പ്രതിഭ തിരക്കഥയെഴുതിയതു കൊണ്ട് ഞാനത് ചെയ്യണമെന്നില്ല.”- ഒരു സുഹൃത്തിനുള്ള മറുപടിയായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അഞ്ജലി മേനോന്റെ സ്ക്രിപ്റ്റിനു കാത്തിരുന്ന് ഒരു വര്‍ഷം പാഴായെന്നും പ്രതാപ് പോത്തന് തുറന്നടിച്ചു.നിലവാരമില്ലാത്തൊരു തിരക്കഥ സംവിധാനം ചെയ്ത് അന്തസ് കളയാനാകില്ലന്നാണ് ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ പ്രതാപ് പോത്തന്റെ നിലപാട്
.നല്ലൊരു പ്രണയകഥയാണ് താന്‍ പ്രതീക്ഷിച്ചതെങ്കിലും തന്റെ നിര്‍ദ്ദേശങ്ങളൊന്നും തിരക്കഥയിലില്ലെന്ന് പ്രതാപ് പോത്തന് പറയുന്നു.
ഇരുപതു വര്‍ഷത്തിനു ശേഷം പ്രതാപ് പോത്തന് സംവിധാന രംഗത്ത് മടങ്ങിയെത്തുന്നുവെന്നായിരുന്നു സിനിമയെക്കുറിച്ചു വന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. കലാപരമായും വാണിജ്യപരമായും വിജയം കൊയ്ത ‘ഒരു യാത്രാമൊഴി’യ്ക്കു ശേഷമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഹോം ബാനറായ സുപ്രിയാ ഫിലിംസ്, എം. രഞ്ജിത്തിന്റെ രജപുത്ര വിഷ്വല്‍ മീഡിയയുമായി ചേര്‍ന്നായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്നും പ്രഖ്യാപിച്ചിരുന്നു. ക്യാമറ: രാജീവ് മേനോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: