കുമരകം: നെഹ്റു ട്രോഫി മത്സരവള്ളംകളിയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ തീവ്ര പരിശീലനത്തിനായി ജലരാജാക്കന്മാര്‍ കുമരകത്ത് എത്തി. ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയായ 13നാണ് ഇക്കുറി പുന്നമടക്കായലില്‍ നെഹൃട്രോഫിയ്‌ക്കായുള്ള മത്സരവള്ളം കളി നടക്കുന്നത്.
കുമരകത്ത്‌നിന്ന് മൂന്ന് ചുണ്ടന്‍വള്ളങ്ങളും തിരുവാര്‍പ്പില്‍നിന്ന് ഒരു ചുണ്ടനുമടക്കം നാല് ചുണ്ടന്‍ വള്ളങ്ങളാണ് ജില്ലയില്‍നിന്നും ഇത്തവണ പുന്നമടയ്‌ക്കായലില്‍ എത്തുന്നത്. നിലവിലെ ജേതാക്കളായ കുമരകം വേമ്പനാട് ബോട്ട്ക്ലബ് കാരിച്ചാല്‍ ചുണ്ടനിലും കുമരകം ടൗണ്‍ ബോട്ട്ക്ലബ് ആനാരി പുത്തന്‍ചുണ്ടനിലും വില്ലേജ് ബോട്ട്ക്ലബ് പായിപ്പാട് ചുണ്ടനിലും തിരുവാര്‍പ്പ് ബോട്ട് ക്ലബ് സെന്റ്‌ജോര്‍ജ്ജ് ചുണ്ടനിലുമാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളെ കൂടാതെ കുമരകത്ത്‌നിന്നും ആശാപുളിക്കകളം, പനയകഴപ്പ്, ദാനിയേല്‍, കോടിമത എന്നീ കളിവള്ളങ്ങളും നെഹൃട്രോഫിയില്‍ പങ്കെടുക്കുന്നുണ്ട്.
13 ദിവസങ്ങള്‍ നീളുന്ന തീവ്ര പരിശീലനത്തിനായി ടൗണ്‍ ബോട്ട്ക്ലബ് തുഴയുന്ന ആനാരി പുത്തന്‍ചുണ്ടനാണ് കുമരകത്ത് ആദ്യമെത്തിയത്. അടുത്ത ദിവസങ്ങളില്‍ തന്നെ വില്ലേജ് ബോട്ട് ക്ലബിന്റെ പായിപ്പാട് ചുണ്ടനും വേമ്പനാട് ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ ചുണ്ടനും എത്തിച്ചേര്‍ന്നു. പേരും പെരുമയും ഏറെയുള്ള മൂന്ന് ചുണ്ടന്‍ വള്ളങ്ങള്‍ കുമരകത്ത്‌നിന്നും പുന്നമടക്കായലില്‍ എത്തുമ്പോള്‍ വിജയം തങ്ങളുടെ നാടിന് തന്നെയെന്നാണ് ജനങ്ങള്‍ പറയുന്നു. വൃതശുദ്ധിയോടെയുള്ള കഠിനമായ പരിശീലനത്തിനാണ് ഇനി കുമരകത്തിന്റെ ജലാശങ്ങള്‍ വേദിയാകുന്നത്. കോട്ടത്തോട്ടിലും മുത്തേരി മടയിലും വേമ്പനാട് കായലിന്റെ വിവിധ പ്രദേശങ്ങളിലുമായാണ് പരിശീലനങ്ങള്‍ നടക്കുക. ജയിംസ്‌കുട്ടി ജേയ്‌ക്കബ്, സുനില്‍ വഞ്ചിക്കല്‍, ജിഫിഫിലിക്‌സ് എന്നിവരാണ് വേമ്പനാട്, ടൗണ്‍, വില്ലേജ് ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്‍മാര്‍.
വേമ്പനാട്, ടൗണ്‍ ബോട്ട് ക്ലബുകള്‍ ഈ മാസം 29നും വില്ലേജ് ബോട്ട് ക്ലബ് ഇന്നലെയും പരിശീലനം ആരംഭിച്ചു. പ്രതിദിനം ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപയാണ് പരിശീലനത്തിനായി ഓരോ ക്ലബിനും ചിലവാകുന്നത്. പുന്നമടക്കായലില്‍ മത്സരിക്കാന്‍ ഒരു ക്ലബിന് കുറഞ്ഞത് 20 ലക്ഷത്തിനു മുകളില്‍ രൂപയാണ് ചിലവ് വരുന്നത്.
















