സർവവൈവിധ്യങ്ങൾക്കും പിന്നിലുള്ള കാരണസ്വരൂപം ഏകവും അദ്വിതീയവുമാണ്. നാമരൂപാത്മകമായി, വൈവിധ്യപൂർണമായി സത്യം അഭിവ്യക്തമാകുന്നതിനാണ് വേദാന്തശാസ്ത്രം സൃഷ്ടി എന്നുപറയുന്നത്. പുതുതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. സകലലോകങ്ങളെയും പുറമെനിന്ന് സൃഷ്ടിക്കുന്ന ഒരു സ്രഷ്ടാവും ഇല്ല.
വൈവിധ്യപൂർണമായ സകലവും തന്നെ സൃഷ്ടിക്കുമുമ്പ് നിരവയവമായിരുന്നു എന്ന് ഉപനിഷത്ത് പറയുന്നു. ആ സത്യത്തിൽനിന്നാകുന്നു നാമരൂപാത്മക പ്രപഞ്ചം മുഴുവനും ഉണ്ടാകുന്നത്. അതിനാൽ ഈ പ്രപഞ്ചം സുകൃതമാകുന്നു. അധിഷ്ഠാന സത്യമാണെന്നതിനാൽ പരമസത്യത്തെ രസം എന്നും പറയുന്നു. ഈ രസത്തെ അറിയുന്നവൻ ആനന്ദിയാവുന്നു.
രസവുമായി ബന്ധപ്പെട്ടതാണ് രാസം. രാസലീല പുരാണത്തിൽ പ്രസിദ്ധമാണ്. പരമമായ രസബോധത്തിലുള്ള സർവപ്രപഞ്ചഭാവങ്ങൾക്കും ഉള്ളിലുള്ള സത്യബോധത്തിന്റെ ലീലയാണത്. ഇതറിയാതെ പലതരത്തിൽ കൃഷ്ണലീലയെ വർണിക്കുന്നത് മൗഢ്യമാണ്. നിരതിശയ സുഖമാകുന്ന ആനന്ദത്തിലേക്കുയരാൻ രസസാക്ഷാത്കാരമാണ് മാർഗം. ഇതാണ് ഉപനിഷത്തുകൾ പറയുന്നത്.
















