വത്തിക്കാന്‍ സിറ്റി: യൂറോപ്പില്‍ ജിഹാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ലോകം ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് പോപ്പ് ഫ്രാന്‍സിസ്. എന്നാല്‍ അതൊരു മത യുദ്ധമാകുമെന്ന് താന്‍ അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളണ്ട് സന്ദര്‍ശനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ, ഫ്രാന്‍സില്‍ വൈദികനെ കഴുത്തറുത്ത് കൊന്ന സംഭവത്തോട് പ്രതികരിക്കുകായിരുന്നു പോപ്പ്. കഴിഞ്ഞയാഴ്ച പ്രഭാത കുര്‍ബാനയ്‌ക്കിടെയാണ് ഫ്രാന്‍സിലെ കത്തോലിക്ക വൈദികനായ ഫാ. ജാക്വിസ് ഹാമല്‍ കൊല്ലപ്പെട്ടത്.
ജര്‍മനിയിലും ഫ്രാന്‍സിലും അടുത്തിടെയായി നടന്ന ആക്രമണങ്ങള്‍ പലതും കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഇവയില്‍ പലതും ഐഎസ് ഭീകരര്‍ നടത്തിയതുമാണ്. സുരക്ഷിതത്വമില്ലായ്‌മയയാണ് എവിടെയും കേള്‍ക്കുന്നത്. ഇതിന് ചേരുന്ന പദം യുദ്ധമെന്ന് തന്നെയാണെന്നും പോപ്പ് ചൂണ്ടിക്കാട്ടി. സത്യം പറയാന്‍ നാം ഭയക്കേണ്ടതില്ല. ലോകത്തിന് സമാധാനം നഷ്ടമായിരിക്കുന്നു. എല്ലാ മതങ്ങളും സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ചിലര്‍ യുദ്ധമാഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു.
പിന്നീട് അദ്ദേഹം പോളണ്ടിലെ തെക്കന്‍ നഗരമായ ക്രാക്കോവിലെത്തി. ലോകമെങ്ങും നിന്നുളള യുവകത്തോലിക്കരുടെ കൂട്ടായ്‌മയില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്.
















