ന്യൂദൽഹി: പാർലമെന്റ് ദൃശ്യങ്ങൾ പകർത്തി നവമാധ്യമത്തിലൂടെ പ്രചരിപ്പിച്ച എഎപി എംപി ഭഗവന്ത് മാൻ പാർലമെന്റ് സഭയിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി മഹാരാഷ്‌ട്രയില്‍ നിന്നുള്ള കിരീത് സോമയ്യ അധ്യക്ഷനായ ഒന്‍പതംഗ ഒമ്പതംഗ സമിതിയേയും സ്പീക്കർ നിയമിച്ചു. ഈ റിപ്പോർട്ട് പുറത്ത് വരും വരെയാണ് ഭഗവന്ത് മാൻ സഭയ്‌ക്ക് പുറത്ത് നിൽക്കേണ്ടി വരിക. കേരളത്തില്‍ നിന്നുള്ള, കെ.സി.വേണു ഗോപാല്‍ എംപിയും സമിതിയില്‍ അംഗമാണ്. അടുത്തമാസം 30നു മുന്‍പ് സമിതി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സ്പീക്കറുടെ നിര്‍ദേശം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി താമസ സ്ഥലമായ സൗത്ത് അവന്യൂവിൽ നിന്നും പാർലമെന്‍റിലേക്കുള്ള യാത്ര വീഡിയോയിലാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങളിൽ പാർലമെന്റ് മന്ദിരങ്ങൾക്ക് നൽകുന്ന സുരക്ഷാ സന്നാഹങ്ങളുടെ ചിത്രങ്ങൾ വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
ഭഗവന്ത് മാനിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്ന് പാർലമെന്റിൽ നോട്ടീസ് നൽകിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സ്പീക്കർ അന്വേഷണ വിധേയമായി ഭഗവന്ത് മാനിനോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടത്.
















