യുഎൻ: പാക്കിസ്ഥാൻ പിന്തുണയ്‌ക്കുന്ന ഭീകര സംഘടനകൾ സംയുക്തമായി ഭാരതത്തിനെതിരേ ആക്രമണ ആസൂത്രണം നടത്തുന്നുവെന്ന് ഐക്യരാഷ്‌ട്ര സംഘടനയിൽ അഫ്ഗാനിസ്ഥാൻ. ലഷ്‌കർ ഇ തൊയ്ബ, താലിബൻ, ജെയ്ഷ് ഇ മൊഹമ്മദ്, അൽ ഖ്വയ്ദ എന്നീ സംഘടനകൾ ഭാരത താൽപര്യങ്ങൾക്കെതിരേയും അഫ്ഗാനിസ്ഥാനെതിരേയും നടത്തുന്ന പ്രവർത്തനങ്ങൾ ലോകരാജ്യങ്ങൾക്കെല്ലാം ഭീഷണിയാണെന്ന് യുഎന്നിലെ അഫ്ഗാൻ പ്രതിനിധി മഹ്മൗദ് സൈകൾ വ്യക്തമാക്കി.
താലിബനും സമാന താൽപര്യമുള്ള മറ്റ് ഭീകര സംഘടകളും അഫ്ഗാൻ താവളമാക്കി സംയുക്ത പ്രവർത്തനങ്ങളിലാണ്. ലഷ്‌കർ ഇ തൊയ്ബ, തെഹ്‌റിക് ഇ താലിബൻ പാക്കിസ്ഥാൻ, ജെയ്ഷ് ഇ മൊഹമ്മദ്, അൽ ഖ്വയ്ദ, ലഷ്‌കർ ഇ ഇസ്ലാം, സിപാ ഇ സഹാബാ, ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്‌ബെക്കിസ്ഥാൻ, ഈസ്‌റ്റേൺ തുർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്‌മെന്റ് എന്നീ ഭീകര സംഘടനകൾ സംയുക്തമായാണ് നീങ്ങുന്നത്, കൗണ്ടർ ടെററിസം കമ്മിറ്റിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അഫ്ഗാൻ പ്രതിനിധി.
ഭാരത താൽപര്യങ്ങൾ തകർക്കുകയും അഫ്ഗാനിൽ ഇസ്ലാമിക മത സർക്കാർ ഉണ്ടാക്കാനുമാണ് ഇവരുടെ ശ്രമം. അവർ ലോകതലത്തിൽ ഭീകര സംഘടനകളുമായി സമ്പർക്കത്തിലും സഹകരണത്തിലുമാണ്. ഇവർ അഫ്ഗാനിസ്ഥാനിൽനിന്ന് ലോക രാജ്യങ്ങളിൽനിന്നുള്ള സുരക്ഷാ പ്രവർത്തകർ പിന്മാറണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ സാമ്രാജ്യം ശക്തിപ്പെടുത്താൻ ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നത്.
അഫ്ഗാനിലെ പിന്നാക്ക മേഖലകളിൽ കേന്ദ്രീകരിച്ച് 6,100 ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്കെന്ന് സൈകൾ വിശദീകരിച്ചു. അവരിൽ 1,800 പേർ ഐഎസ്‌കാരാണ്. പാക്കിസ്ഥാനാണ് ഈ സംഘടനകളെയും പ്രവർത്തനങ്ങളെയും സഹായിക്കുന്നതെന്ന് നേരത്തേ അഫ്ഗാനിസ്ഥാൻ പ്രസ്താവിച്ചിരുന്നു.
















