ശത്രുവെന്നുള്ളത് അറിവില്ലായ്‌മയാണ്. തന്നെത്താൻ അറിയുമ്പോൾ ശത്രു നശിച്ചു. ഇതെഴുതുന്നതു വെറുതെയല്ല. അനവധി വർഷങ്ങൾ സമസൃഷ്ടികളെ നീചകുലമെന്നും നികൃഷ്ടജാതിയെന്നും പറഞ്ഞുപേക്ഷിച്ചു സർവ്വനന്മയിൽ നിന്നും അകറ്റി നിർത്തിയത് തെളിഞ്ഞു കിടക്കുന്ന ഒരു പാത പോലെയാണ്.
ഇന്നത് ശരിയാണോ എന്നു നിരീക്ഷണം ചെയ്തു നോക്കിയാൽ നീചരായും നികൃഷ്ട ജാതിയായും മനുഷ്യസൃഷ്ടികളിൽ ആരും തന്നെയില്ലെന്നും എല്ലാവർക്കും ആത്മാവ് ഒന്നാണെന്നും ശരീരവും അതുപോലെയെന്നും, ഈ ലോകം പൊതുഅവകാശത്തിൽപെട്ടതാണെന്നും ഉള്ളത് പകലെന്നപോലെ ലോകം പൊതുവെ ബോദ്ധ്യപ്പെട്ടിരിക്കുന്നു.
എന്നു മാത്രമല്ല, ജാതിയൊ മതമോ നോക്കാതെ പരസ്പരം വിവാഹബന്ധം കൂടി യോഗ്യതാനുസരണം അനുവദിച്ചു നടന്നുകൊണ്ടിരിക്കവെ അവശരെന്ന സമസൃഷ്ടികളെ സൃഷ്ടിച്ചത് ഇന്ന് ഉയർന്നവരെന്നു കാണുന്നവരുടെ മുൻഗാമികളായിരുന്നുവെന്ന് പിൻഗാമികൾ സമ്മതിക്കാതെ തരമില്ല. സമ്മതിക്കുന്ന പക്ഷം തെറ്റിപ്പോയത് അവശരല്ലെന്നും ഉയർന്നവരാണെന്നും അവശരെ സർവ്വവിധത്തിലും നഷ്ടപ്പെടുത്തിയതിന് ഈശ്വരമുമ്പാകെ പ്രാപ്തരായി നിന്ന് പരിഹാരം ഉടനുടൻ ചെയ്തു തീർക്കേണ്ടതും അല്ലെങ്കിൽ ലോകം ഇനിയും വഷളാകുന്നതുമാകുന്നു.
















