അഫ്ഗാന്‍ ഭീകരരില്‍ നിന്നും മോചിതയായി ദല്‍ഹിയിലെത്തിയ ജൂഡിറ്റ് ഡിസൂസ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനൊപ്പം
ന്യൂദല്‍ഹി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ എന്‍ജിഒ പ്രവര്‍ത്തക ജൂഡിറ്റ് ഡിസൂസയെ കേന്ദ്രസര്‍ക്കാര്‍ മടക്കിയെത്തിച്ചു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ ഏജന്‍സികളുടേയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും സഹകരണത്തോടെയാണ് ജൂഡിറ്റിനെ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 6 മണിക്ക് ദല്‍ഹിയില്‍ തിരികെ എത്തിയ ജൂഡിറ്റിനെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും ജൂഡിറ്റ് ഡിസൂസ കൂടിക്കാഴ്ച നടത്തി.
ഒന്നര മാസം മുമ്പാണ് അന്താരാഷ്‌ട്ര എന്‍ജിഒ ആയ ആഗാഖാന്‍ ഫൗണ്ടേഷനിലെ സീനിയര്‍ ടെക്‌നിക്കല്‍ അഡൈ്വസറായ ജൂഡിറ്റിനെ കാബൂളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 40കാരിയായ ജൂഡിറ്റ് കൊല്‍ക്കത്ത സ്വദേശിനിയാണ്. ജൂഡിറ്റിന്റെ സഹോദരന്‍ ജെറോം പ്രധാനമന്ത്രിയേയും വിദേശകാര്യമന്ത്രിയേയും ജൂഡിറ്റിന്റെ മോചനം അഭ്യര്‍ത്ഥിച്ച് സമീപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കാബൂളിലെ ഭാരത അംബാസഡര്‍ മുഖേന നടത്തിയ അടിയന്തര ഇടപെടലാണ് മോചനം സാധ്യമാക്കിയത്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുമായി ബന്ധപ്പെട്ട് ജൂഡിറ്റിന്റെ മോചനം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ജൂഡിറ്റ് ഡിസൂസ മോചിതയായെന്നും മാതൃരാജ്യത്തേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്നലെ രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അഫ്ഗാന്‍ അംബാസഡര്‍ മന്‍പ്രീത് വോറയ്‌ക്കൊപ്പമാണ് ജൂഡിറ്റ് മടങ്ങിയെത്തുന്നതെന്നും സുഷമാ സ്വരാജ് അറിയിച്ചു. സഹോദരിയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ജെറോം ഡിസൂസ നന്ദി അറിയിച്ചു. കുടുംബത്തിന്റെ സന്തോഷത്തിന് അതിരുകളില്ലെന്നും ജെറോം പറഞ്ഞു.
















