ബാലുശ്ശേരി: ബസ് സ്റ്റാന്റിനുള്ളില്‍ ബസിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ബാലുശ്ശേരി സ്വകാര്യ കമ്പ്യൂട്ടര്‍ കോളേജ് വിദ്യാര്‍ത്ഥിനി തിരുവോട് ആതിര (19) യെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്കാണ് അപകടം. താമരശ്ശേരി കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലോടുന്ന കെ.എല്‍ 56 എഫ് 591 നമ്പര്‍ നിഷാന്‍ ബസ് പാര്‍ക്കിങ്ങിനായി അമിത വേഗതയിലെത്തിയപ്പോഴാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഇരു ചക്രത്തിനുമിടയിലുള്ള സ്ഥലത്തേക്ക് വീണതിനാല്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഓടി കൂടിയ യാത്രക്കാരാണ് വിദ്യാര്‍ത്ഥിനിയെ ആദ്യം സ്വകാര്യആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലുമെത്തിച്ചത്. ബസില്‍ നിന്നും ഇറങ്ങി ഓടിയ ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും പറയുന്നു. തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.ബാലുശ്ശേരി പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്ന ബസുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്നും പെരുമാറ്റചട്ടം നടപ്പിലാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















