നാദാപുരം: കല്ലാച്ചി നരിക്കാട്ടേരി പട്ടികജാതി കോളനിയിലെ എസ്‌സി പ്രമോട്ടറെ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ്ജാതിപേര് വിളിച്ച് അപമാനിച്ചതായി പരാതി. ചേലക്കാട് സ്വദേശിനിയായ തന്നെ ജാതിപ്പേര് വിളിച്ച് പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് അപമാനിച്ചതായി നാദാപുരം പോലീസില്‍ ഇവര്‍ പരാതി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. നരിക്കാട്ടേരി പട്ടിക ജാതി കോളനിയില്‍ ഒന്നര ലക്ഷം രൂപ ചെലവില്‍ പട്ടികജാതി വികസന വകുപ്പ് അനുവദിച്ച സോളാര്‍ വിളക്കുകള്‍ ഇവിടെ സ്ഥാപിക്കാതെ തൊട്ടടുത്ത എംഎല്‍പി സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ചതിനെതിരെ കോളനി നിവാസികള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ ഒഫീസില്‍ നിന്ന് ലഭിച്ച പരാതിയുടെ പകര്‍പ്പ് പ്രമോട്ടര്‍ എന്ന നിലയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പ്പിക്കാന്‍ എത്തിയതായിരുന്നു പരാതിക്കാരി. ഈ സമയം സെക്രട്ടറിയുടെ മുറിക്ക് സമീപം വെച്ച് പകര്‍പ്പ് കൈമാറുന്ന സമയത്തായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സഫീറ തന്നെ ജാതിപ്പേര് വിളിക്കുകയും അസഭ്യംപറയുകയുംചെയ്തതെന്നാണ് പ്രമോട്ടര്‍ നാദാപുരം എസ്‌ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച വൈകുന്നേരം ഇവര്‍ നാദാപുരം പോലീസില്‍ പരാതി നല്‍കിയിട്ടും ഇന്നലെ വരെ കേസ്സ് എടുക്കാന്‍ പോലീസ്സ് തയ്യാറായിട്ടില്ല. പരാതി നല്‍കിയ സമയത്ത് എസ്‌ഐ പഞ്ചായത്ത് പ്രസിഡണ്ടിനെ വിളിച്ച് നിങ്ങള്‍ക്കെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ട് ഒത്തുതീര്‍പ്പ് ആക്കിയില്ലങ്കില്‍ പ്രശ്‌നമാകുമെന്നും തന്റെ മുന്നില്‍ വെച്ച് വിളിച്ച് അറിയിച്ചതായി പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു. അതേസമയം നാദാപുരം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പറെ പാലോന്‍ചോല മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചെന്ന പരാതിയില്‍ രണ്ട് സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ നാദാപുരം പോലീസ്സ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പരാതികിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ കേസെടുത്തിരുന്നു. എസ്‌സി പ്രമോട്ടര്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം നടക്കുന്നതായാണ് സൂചന.
















