ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഒറ്റപ്രസവത്തില്‍ ജനിച്ച നാലുകുട്ടികളില്‍ ഇളയകുട്ടിയെ മെഡിക്കല്‍ കോളേജിന് സമീപമുള്ള കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഈ കുട്ടിയുടെ ആരോഗ്യനില തീര്‍ത്തും മോശമാവുകയും തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രസവാനന്തരം ക്രമാനുഗതമായ വളര്‍ച്ച ഈ കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചിരുന്നതായും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കുമളി എട്ടാം മൈല്‍ കീച്ചേരില്‍ ബിജുവിന്റെ ഭാര്യ സുജ കുര്യ(32)നാണ് ഒറ്റ പ്രസവത്തില്‍ നാലുകുട്ടികള്‍ക്ക് ജന്മനല്‍കിയത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികള്‍ക്ക് 13000ഗ്രാം വീതം തൂക്കമാണുണ്ടായത്. തുടര്‍ന്ന് കുട്ടികളെ ഗൈനക്കോളജി വിഭാഗത്തിലെ നഴ്‌സറിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ദീര്‍ഘകാലം സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്ക്‌ശേഷമാണ് സുജകുര്യനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മറ്റുമൂന്ന് കുട്ടികളും ആരോഗ്യത്തോടെ കഴിയുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ഈ ദമ്പതികള്‍ക്ക് അഞ്ചുവയസ്സുള്ള മറ്റൊരുപെണ്‍കുട്ടികൂടിയുണ്ട്. കുട്ടികളുടെ ആശുപത്രിയില്‍ ഡോ.വിരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് തീവ്രപരിചരണവിഭാഗത്തിലുള്ള കുട്ടിയെ പരിചരിക്കുന്നത്.
















