കോട്ടയം: സംരക്ഷണഭിത്തി നിര്‍മ്മാണത്തിനായി റോഡിലിറക്കിയ കരിങ്കല്‍കൂന വഴിമുടക്കിയാകുന്നു. ചങ്ങനാശ്ശേരി നഗരസഭയിലെ ഇരുപത്തിയൊമ്പതാം വാര്‍ഡില്‍ ഉള്‍പ്പെട്ട റവന്യൂടവര്‍-പെരുന്ന റോഡിലാണ് കഴിഞ്ഞ ഒരാഴ്ചയായി കരിങ്കല്‍കൂന വഴിമുടക്കുന്നത്. ചിത്രക്കടവ് ക്ഷേത്രക്കുളത്തിനോട് ചേര്‍ന്ന ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് പുനര്‍നിര്‍മ്മിക്കാനാണ് കല്ല്് ഇറക്കിയിട്ടുള്ളത്. കാല്‍നട യാത്രികര്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്തവിധം റോഡിന്റെ നടുവിലാണ് കരിങ്കല്‍കൂന കിടക്കുന്നത്. റവന്യൂടവര്‍ ഭാഗത്തുനിന്നും പെരുന്നയിലേക്ക് പോകാന്‍ ചെറുവാഹനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഈ റോഡില്‍ കല്ലിറക്കിയതോടെ യാത്രികര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതുമൂലം ഇതുവഴിയുള്ള ഇരചക്രവാഹനങ്ങള്‍ അടക്കമുള്ള യാത്രികര്‍ നഗരം ചുറ്റിയാണ് പെരുന്നയിലെത്തുന്നത്. ഇരുട്ടിലായ റോഡിലൂടെ പുലര്‍ച്ചെ ചിത്രക്കടവ് ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങള്‍ക്ക് കരിങ്കല്‍കൂന മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നുണ്ട്. രാമായണ മാസത്തോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പരിപാടികള്‍ നടക്കുന്ന സമയത്ത് വഴിമദ്ധ്യത്തില്‍ കരിങ്കല്ലിറക്കിയിട്ട സംഭവത്തില്‍ ക്ഷേത്ര ഉപദേശകസമിതിയും യോഗക്ഷേമസഭയും പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം സംരക്ഷണ ഭിത്തി നിര്‍മ്മാണം ആരംഭിച്ച് റോഡില്‍നിന്നും കല്ല് നീക്കം ചെയ്യാന്‍ തയ്യാറാവണമെന്നാണണ് നാട്ടുകാരുടെ ആവശ്യം.
















