ചെങ്ങന്നൂര്‍: വിശ്വകര്‍മ്മ ഐക്യത്തേയും സംഘടനയെയും തകര്‍ക്കാന്‍ ചില ശക്തികള്‍ ഗൂഢാലോചന നടത്തുന്നതായി ചെങ്ങന്നൂരില്‍ ചേര്‍ന്ന കേരള വിശ്വകര്‍മ്മ സഭ ഡയറക്ടര്‍ ബോര്‍ഡ് ആരോപിച്ചു. പത്തനംതിട്ടയില്‍ സമുദായത്തിനും സഭയ്‌ക്കും എതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് സംഘടനാ വിരുദ്ധരാണ്. സ്ഥാനമാനങ്ങള്‍ സ്വപ്‌നം കണ്ട് അടുത്ത കാലത്ത് സഭയിലേക്ക് വന്നവരാണ് സഭയെ തള്ളി പറയുന്നത്.
സമുദായ പുരോഗതിക്ക് വിഘാതമായി നില്‍ക്കുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്ന് ഡയറക്ടര്‍ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആര്‍. ദേവദാസ് അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.രാജപ്പന്‍, പി.വാമദേവന്‍, ചിത്രാസ് സോമന്‍, മഹിളാസംഘം പ്രസിഡന്റ് എസ്. സരസ്വതി അമ്മാള്‍, ജനറല്‍ സെക്രട്ടറി സുലോചനാദേവി, ട്രഷറാര്‍ സുജാതാ മോഹനന്‍, യുവജനസംഘം പ്രസിഡന്റ് എസ്.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
















