ന്യൂദല്‍ഹി: റെയില്‍വേയും മന്ത്രി സുരേഷ് പ്രഭുവിനെയും പ്രകീരര്‍ത്തിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്. ഭാരത റെയില്‍വേ ഇന്ന് ആധുനിക വത്കരണത്തിന്റെ പാതയിലാണ്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോടാണ് ഇതിനുള്ള നന്ദി പറയേണ്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ്മുഖപ്രസംഗത്തില്‍ പറയുന്നു..
ഇന്ത്യന്‍ റെയില്‍വേ പോലെ വലിയൊരു സ്ഥാപനം ഏറ്റെടുത്ത് വലിയ കാര്യങ്ങള്‍ നടപ്പാക്കുക ഏറെ വിഷമം നിറഞ്ഞതാണ്. കേന്ദ്ര റെയില്‍വേ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് പ്രഭുവിന് നല്‍കിയതോടെ റെയില്‍വേയുടെ ആധുനിക വത്കരണത്തിനാണ് തുടക്കം കുറിച്ചത്. സുരേഷ് പ്രഭു കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ റെയില്‍വേയെ പുനസൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കിയത്. കൂടാതെ റെയില്‍വേയുടെ റിസര്‍വേഷനില്ലാത്ത കോച്ചുകളിലും ആധുനികത കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
എക്‌സ്പ്രസ്സ്, മെയില്‍ എന്നീ ട്രെയിനുകളില്‍ കുഷ്യനുള്ള ബെഡുകള്‍, കുടിവെള്ള പായ്‌ക്കറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍. ചവറ്റുകൊട്ട, ബയോ ടോയ്ലറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇന്ന് ലഭ്യമാണ്. കേന്ദ്ര ബജറ്റില്‍ നല്‍കിയ വാഗ്ദാനം നടപ്പിലാക്കാനും സാധിച്ചിട്ടുണ്ട്. ദീന്‍ദയാലു കോച്ചുകളെ പരാമര്‍ശിച്ച് മുഖപ്രസംഗത്തില്‍ പറയുന്നു.
തിരക്കേറിയ നഗരങ്ങള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇത്തരം 700 കോച്ചുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കൂടാതെ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതിയ്‌ക്കും സെപ്തംബറോടെ തുടക്കം കുറിക്കുന്നതാണ്. 10 ലക്ഷം വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. മികച്ച ഭരണതന്ത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചിരിക്കുന്നത്.
ബുള്ളറ്റ് ട്രെയിന്‍, സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ എന്നിവയ്‌ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പുവരുത്താനും സാധാരണക്കാരുടെ സുഖ യാത്രയ്‌ക്കുതകുന്ന എല്ലാവിധ സൗകര്യങ്ങളും പ്രധാനം ചെയ്യുന്നതായി റെയില്‍വേയെ മാറ്റിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ റെയില്‍വേയിലുണ്ടായ മാറ്റങ്ങളെല്ലാം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. അതേസമയം റെയില്‍വേയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ നടപ്പിലാക്കിയ ഈ മാറ്റങ്ങള്‍ എന്തുകൊണ്ട് ഇതിനു മുമ്പ് നടപ്പിലാക്കാന്‍ സാധിച്ചില്ല എന്നും ചോദിക്കുന്നുണ്ട്.
















