വാൽമീകിയുടെ കഥയുടെ പാഠമെന്താണ്. ഒരുഘോര രാക്ഷസനായിത്തീർന്നവൻ മഹത്തുക്കളുടെ ഉപദേശംകൈക്കൊണ്ട് ഭഗവദ് നാമംജപിച്ചപ്പോൾ ദിവ്യബോധമുണർന്നവനായിത്തീർന്നു. ഏറ്റവും അധഃപതിച്ചവനേയും ഉയർത്താൻ ഭഗവദ് നാമജപത്തിന് കഴിയുമെന്നതുതന്നെസാരം. ഏതു പാപയോനിയായാലും നാമജപംകൊണ്ട് പുണ്യാത്മാവാവുമെന്ന് ഭഗവദ് ഗീത പറയുന്നു. മൃഗങ്ങൾ സ്വപ്രകൃതിയെ പിന്തുടരുന്നുവെന്നുസാരം.
അതിനാൽ അവ പാപയോനിയിലല്ല. പാപവും പുണ്യവും മനുഷ്യനുമാത്രമേ ബാധകമാവുന്നുള്ളൂ. മുക്കുവർ, കശാപ്പുകാർ, കൊള്ളക്കാർ, ഭീകരസ്വഭാവമുള്ള രാക്ഷസർ എന്നിവരാണ് പാപയോനികൾ എന്നു പറയാം. പരപീഡനം ജീവിതമാർഗ്ഗമാക്കിയവർ. എന്നാലവരും നാമജപംകൊണ്ട് പുണ്യാത്മാക്കളാവും. യോഗമാർഗത്തിലെ ഏഴുപടികളാണ് (യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാധ്യാനം എന്നിവ) സപ്തർഷികൾ എന്ന് മനസിലാക്കിയാൽ ഇവയിലൂടെ മനസ്സ് എത്രയും പെട്ടെന്ന് പവിത്രമാവുമെന്നുസാരം.
പദാർത്ഥശോധനം നടത്തി സത്വഗുണപ്രധാനമാവലാണ് ഭഗവദ് മാർഗ്ഗത്തിലെ മഹത്വപൂർണ്ണമായ ഒരു പടി. ഭഗവദ് സ്മരണം അദ്വൈതം, അദ്വൈതം നാസ്തികം എന്നീ എല്ലാമാർഗങ്ങൾക്കുംചേരും ധ്യേയ വാദം എന്നു നാസ്തികരും ശിവോഹം എന്നു അദൈ്വതികളും ദാസോഹം എന്ന് അദ്വൈതികളും കരുതുന്നു.
സുമന്ത്രര്‍ തിരിച്ചത്തി ചിത്രകൂടത്തിൽ ശ്രീരാമലക്ഷ്മണന്മാർ എത്തിയ വിവരമറിയിയിക്കുന്നതോടെ ദശരഥ കൗസല്യാ സുമിത്രമാരുടെ ദുഃഖം വർദ്ധിക്കുന്നു. സ്വയംകൃതാനർത്ഥം എന്നു രാജാവിനെ കുറ്റപ്പെടുത്തുമ്പോൾ കർമ്മ ഫലം ആവുമെന്ന് രാജാവ് ധരിക്കുന്നു. അന്ധരായ മാതാപിതാക്കൾക്കുവേണ്ടി കുടത്തിൽ വെള്ളംനിറയ്‌ക്കുന്ന വൈശ്യ താപസ ബാലനെ ശബ്ദംകേട്ട് മൃഗം ജലംകുടിക്കയാണെന്ന് തെറ്റിദ്ധരിച്ച് വേട്ടയ്‌ക്കുവന്ന രാജാവ് അമ്പെയ്തു വീഴ്‌ത്തുന്നു.
മകനോടൊപ്പം ചിതയിൽ പ്രവേശിച്ച വൃദ്ധതാപസർ നൽകിയ ശാപമാണ് തന്റെ ദുര്യോഗത്തിന് കാരണമെന്നാണ് രാജാവ് പറയുന്നത്. ഏ തായാലും പുത്രവിയോഗദുഃഖത്താൽ രാജാവ് മരിക്കുകയും ഭരതനെ ആളയച്ചുവരുത്തുകയും ചെയ്യുന്നു. രാജാവ് സ്വർഗ്ഗം പൂകിയെന്ന് പറയുന്നത് ആസക്തികൊണ്ടുള്ള ദുഃഖംമൂലം മോക്ഷം സാദ്ധ്യമായില്ലെന്ന് സൂചിപ്പിക്കുന്നതാണ്. എന്നാൽ ദഗവദ് സ്മരണ (പുത്രമോഹരൂപത്തിലാണെങ്കിലും) മോക്ഷകാരകമെന്നാണ് ഭക്തിശാസ്ത്രം പറയുന്നത്.
രാജാവിന്റെ ശരീരം എണ്ണത്തോണിയിൽ സംരക്ഷിച്ചുവയ്‌ക്കുന്നു. ഏഴാം ദിവസമാണ് ഭരതനെത്തുക. അത്രയും ദിവസം കേടുകൂടാതെ ശരീരം വയ്‌ക്കണമെങ്കിൽ രസായന വിദ്യ സാമാന്യം വികസിതമായിരിക്കണം അക്കാലത്ത് എന്നു നമുക്കൂഹിക്കാം.
കേകയത്തുനിന്ന് പുറപ്പെടുമ്പോഴും വഴിയിലും ഭരതൻ നിരവധി അപശകുനങ്ങൾ കാണുന്നു. സതലജ(ശതദ്രു) യമുന, ഗംഗ, ഗോമതി, നദികൾ കിടന്നു കിഴക്കോട്ടുള്ള ഗമനം എന്ന് പറയുന്നതിൽ നിന്നും വിശാലമായ ഒരു സാമ്രാജ്യം അക്കാലത്തു നിലനിന്നിരുന്നു എന്നൂഹിക്കാം. അമ്മയിൽ നിന്ന് വിവരമെല്ലാമറിഞ്ഞ ഭരതൻ നിന്റെ ദുഷ്ട ലക്ഷ്യം നിറവേറ്റാൻ എന്നെകിട്ടില്ല എന്നു പൊട്ടിത്തെറിക്കുന്നു.
സംസ്‌കൃതത്തിൽ ആക്ഷേപങ്ങൾ കുറവാണെന്നതിനാലോ അർത്ഥഹീനമാണെങ്കിലും കുത്തുന്ന തെറിവാക്കുകൾ ഇല്ലാത്തതിന്നാലും ദുഷ്‌ടേ, നിശാചരീ എന്നൊക്കെയാണ് ഭരതൻ അമ്മയെ വിളിക്കുന്നത്. വാൽമീകി രാമായണത്തിൽ പ്രിയേതര വാക്യം എന്നാണ് പറയുന്നത്. ഒരിക്കൽ കാമധേനു കണ്ണീർ പൊഴിക്കുന്നതുകണ്ട് ദേവേന്ദ്രൻ സ്വർഗത്തിനെന്തെങ്കിലും ആപത്തുപിണഞ്ഞോ എന്നുചോദിക്കുന്നു.”ശാന്തം പാപം” ഒരു ദുഷ്ടനായ കൃഷിക്കാരൻ രണ്ടുകാളകളെ വെയിലത്തു പണിയെടുപ്പിക്കുകയും തല്ലുകയും ചെയ്യുന്നതിനാലാണ് ഞാൻ കരയുന്നത് എന്നു കാമധേനു ഉത്തരം പറഞ്ഞു.
ഈ ഉദാഹരണം പറഞ്ഞ് ഭരതൻ ആയിരക്കണക്കിന് മക്കളുള്ള അമ്മയ്‌ക്കും പുത്രനെപറ്റി ചിന്തയുണ്ടാവും. പിന്നെ രണ്ടും ഒന്നും മക്കളുള്ള സുമിത്രയ്‌ക്കും കൗസല്യയ്‌ക്കും മക്കളെ പിരിഞ്ഞ് എത്രദുഃഖമുണ്ടാവും എന്നു നീ ഓർത്തില്ലല്ലോ. എന്നും അമ്മയെ പഴിക്കുന്നു. നേരെ കൗസല്യയുടെ അടുത്തേയ്‌ക്കാണ് ഭരതൻചെല്ലുന്നത്.
ആദ്യം ഭരതനെ കെട്ടിപ്പിടിച്ച് കരയുകയും പിന്നീട് രാജ്യം നീ അനുഭവിച്ചോളൂ, ആരും എതിർക്കാനില്ല എന്നു പഴിചാരുന്നു. അപ്പോൾ ഭരതൻ ഞാൻ കാരണമാണ് ചേട്ടൻ വനവാസത്തിന് പോയതെങ്കിൽ സമൂഹത്തിൽ നടക്കുന്ന പാപാങ്ങളുടെയെല്ലാം ഫലം എനിക്ക് ഏൽക്കട്ടേ, എന്നു ശപഥംചെയ്യുന്നു.
ഗുരു പഠിപ്പിച്ചത് മനസിലാക്കാത്തവൻ, ഉറങ്ങുന്ന പശുക്കളെ ചവിട്ടുന്നവൻ, ജോലിക്കു കൂലികൊടുക്കാത്തവൻ, മക്കളെപ്പോലെ പ്രജകളെപാലിക്കാത്ത രാജാവ്, യജ്ഞ ദക്ഷിണകൊടുക്കാത്തവൻ,യുദ്ധരംഗത്ത് നിന്ന് ഓടുന്നവൻ, ശാസ്ത്രപാഠങ്ങൾ തെറ്റിക്കുന്നവൻ മുതിർന്നവരെ അപമാനിക്കുന്നവൻ, കൂട്ടുകാരന്റെ രഹസ്യം വെളിപ്പെടുത്തുന്നവൻ, പരസ്ത്രീയെ കാമിക്കുന്നവൻ, സ്ത്രീകൾ ബാലന്മാർ എന്നിവരെ വധിക്കുന്നവൻ തുടങ്ങി എത്രപാപങ്ങളുണ്ടോ അവയുടെയെല്ലാം ഫലം രാമനെ വനവാസത്തിനയക്കാൻ കാരണമായവന് ലഭിക്കട്ടേ. ഇത്രയും ഭരതൻ പറഞ്ഞപ്പോൾ കൗസല്യ ഞാൻ ദുഃഖംകാരണം പറഞ്ഞുപോയതല്ലേ മകനെ, നീ കുറ്റക്കാരനല്ല എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. സുമിത്രയും ഭരതനേയും ശത്രുഘ്‌നനേയും സമാധാനിപ്പിച്ചു.
അപ്പോൾ, ശത്രുഘ്‌നൻ, ചമഞ്ഞൊരുങ്ങി വരുന്ന മന്ഥരയെകണ്ടു. കണ്ടതും ഒറ്റച്ചാട്ടത്തിന് നടുവൊടിച്ചു. മുടിപിടിച്ച് വലിച്ചിഴച്ചു. നല്ലതുചെയ്താലും അടിക്കുമല്ലോ എന്നവൾ വിലപിച്ചു. കൃപാനിധിയായ ഭരതൻ അവളെ വിടുവിച്ചു. (തുളസീരാമായണം) ഇത്രയുമായപ്പോഴേയ്‌ക്കും വസിഷ്ഠ മഹർഷിയെത്തി രാജഭരണ സിരാകൂടത്തിൽ ഉപദേശകനായ ഒരു ബ്രഹ്മജ്ഞാനിയുണ്ടാവുക എന്നാണ് ഭാരതീയനീതി. അതുകൊണ്ട് രാഷ്‌ട്രീയം രാജ്യകാര്യങ്ങൾ എന്നിവ ധർമ്മാനുകൂലമായി നടന്നുവന്നു. വിലപിക്കുന്ന ഭരതനോട് അദ്ദേഹം ശരീരത്തിന്റെ നശ്വരത കർമ്മഫലം എന്നിവയെപറ്റി ഉപദേശിച്ച് രാജാവിന്റെ ഭൗതിക ശരീരത്തോടുള്ള അന്തിമകർമ്മങ്ങൾ നിറവേറ്റാനാവശ്യപ്പെട്ടു.
”ഹേ ഭരത ദശരഥരാജാവിനെപറ്റി ദുഃഖിക്കേണ്ടതില്ല. തന്റെ കർത്തവ്യങ്ങളെല്ലാം ഉത്തമമായി നിറവേറ്റി. നിങ്ങളെ പോലെ നാലുപുത്രന്മാരെ പൈതൃകമായി ലോകത്തിന് നൽകുന്ന രാജാവ് ദുഃഖത്തോടെ ഓർക്കപ്പെടേണ്ടയാളല്ല. വേദമറിയാത്ത ബ്രാഹ്മണനെപ്പറ്റി ദാനംചെയ്യാത്ത ധനികനെപ്പറ്റി ജനത്തിനെ സ്‌നേഹിക്കാത്ത രാജാവിനെപ്പറ്റി അഹന്തമൂലം പണ്ഡിതനെ നിന്ദിക്കുന്ന ശൂദ്രനെപ്പറ്റി കുടുബ കലഹമുണ്ടാക്കുന്നവരും പതിവ്രതകളുമല്ലാത്ത സ്ത്രീകളെപ്പറ്റി ഗുരുവിനെ അനുസരിക്കാത്ത സാധകരെയും ശിഷ്യരെപ്പറ്റി മടിയനായ ഗൃഹസ്ഥനെപ്പറ്റിയാണ് ദുഃഖിക്കേണ്ടത് എന്നുപദേശിക്കുന്നു.(തുളസീ രാമായണം)
ധർമ്മം,ഗോസേവ, കുടുംബമൂല്ല്യങ്ങൾ എന്നിവയെ ഭാരതീയ സമൂഹം അനാദികാലം മുതലേ വിലമതിച്ചിരുന്നു എന്നുനമുക്കുകാണാം. എന്താണ് ജീവിത സിദ്ധാന്തങ്ങൾ എന്ന് പറഞ്ഞുതരുന്നതാണല്ലോ രാമായണ കാവ്യത്തിന്റെ ഉദ്ദേശ്യംതന്നെ.
ഇന്നത്തെ സുഭാഷിതം.
സുനഹു ഊരത് ഭാവി പ്രബൽ ബിവപി കഹേഉ മുനിനാഥ്
ഹാനിലാഭു ജീവനുമരനു ജസു അപജസു ബിധിഹാഥ്
(വിധി പ്രബലമാണ് ഭരതാ, മുനി ദുഃഖത്തോടെ പറഞ്ഞു. നഷ്ടം ,ലാഭം ജീവിതം, മരണം, സൽപ്പേര്, ചീത്തപ്പേര് ഇതെല്ലാം വിധിയുടെ കൈകളിലാണ്.)
















