ചെന്നൈ: സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പുതിയ ചലച്ചിത്രം ‘കബാലി’ ലോകമെമ്പാടും 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. പ്രധാന നഗരങ്ങളിലെ തിയറ്ററുകളില്‍ രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു. കബാലിക്ക് മികച്ച പ്രതികരണമാണ് ഷോ കണ്ടിറങ്ങിയവരില്‍ നിന്ന് ലഭിക്കുന്നത്.
പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് പ്രേക്ഷകര്‍ ആഘോഷമാക്കി. നടന് ജയറാമും മകന് കാളിദാസുമടക്കമുള്ള താരങ്ങള്‍ കബാലിയുടെ ആദ്യ പ്രദര്‍ശനത്തിന് ചെന്നൈയിലെ തിയേറ്ററിലെത്തി. തമിഴ്നാട്ടില്‍ മാത്രം രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണു റിലീസ്. 500-1000 രൂപയാണ് ആദ്യദിവസ പ്രദര്‍ശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്.
ചെന്നൈയില്‍ ഒരു തിയറ്ററില്‍ ഇന്നുമാത്രം ഏഴു പ്രദര്‍ശനം. ആദ്യ മൂന്നു ദിവസത്തേക്ക് എല്ലാ തിയറ്ററുകളിലും പ്രത്യേക പ്രദര്‍ശനങ്ങള്‍.
അതേ സമയം കബാലിയുടെ ആദ്യദിവസത്തെ ആദ്യഷോയ്ക്ക് ടിക്കറ്റ് നല്‍കാത്തതില്‍ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധ പ്രകടനം നടത്തി. ചെന്നൈയിലെ കാശി തീയറ്ററില്‍ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധസൂചകമായി തങ്ങള്‍ കെട്ടിയ പോസ്റ്ററുകളെല്ലാം ഫാന്‍സ് അസോസിയേഷനുകാര്‍ അഴിച്ചുമാറ്റി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഒടുവില്‍ പോലീസിന് ഇടപെടേണ്ടി വന്നു.
കേരളത്തില്‍ 300ല്‍ ഏറെ തിയറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തില്‍ 12 സ്ക്രീനുകളിലാണു പ്രദര്‍ശനം. കോഴിക്കോട് നഗരത്തില്‍ മൂന്നിടത്തു പ്രത്യേക പ്രദര്‍ശനമുണ്ട്.
അമേരിക്കയിലെ 400 തിയറ്ററുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. കേരളമുള്‍പ്പെടെ തെന്നിന്ത്യയിലെ ഭൂരിപക്ഷം തിയറ്ററുകളിലും ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നു. ടിക്കറ്റ് നിരക്ക് 1000ങ്ങള് കവിഞ്ഞു. കബാലിയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി മദ്രാസ് ഹൈകോടതി തള്ളിയത് ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചു. രജനീകാന്ത് നായകനായ ‘ലിംഗ’ യുടെ വിതരണക്കാരാണ് കോടതിയെ സമീപിച്ചത്. പരാജയമായിരുന്ന സിനിമയുടെ വിതരണത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട 89 ലക്ഷം രൂപ രജനീകാന്തില്‍നിന്ന് ഈടാക്കിയതിനുശേഷമേ കബാലിയുടെ പ്രദര്‍ശനത്തിന് അനുമതികൊടുക്കാവൂ എന്നായിരുന്നു ആവശ്യം.
ബോക്സ് ഓഫിസുകളില്‍ ലിംഗ വന്‍ ഹിറ്റാകുമെന്ന് നിര്‍മാതാവും സംവിധായകനും മുഖ്യ നടനായ രജനീകാന്തും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതായി ഹരജി നല്കിയ ആര്. മഹാപ്രഭു ആരോപിച്ചു. എന്നാല്‍, രണ്ടിന്റെയും അണിയറപ്രവര്‍ത്തകര്‍ വ്യത്യസ്തരാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം.എം. സുന്ദരേശ് ഹര്‍ജി തള്ളുകയായിരുന്നു.
കബാലിയുടെ വിജയത്തിനായി വന്‍ പരസ്യ പ്രചാരണങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നിരുന്നു. എയര്‍ ഏഷ്യാ വിമാനക്കമ്പനി തങ്ങളുടെ വിമാനങ്ങളില്‍ കബാലിയുടെ പരസ്യവുമായി വിവിധ രാജ്യങ്ങളിലേക്ക് വിമാനം പറത്തി. വിവാദങ്ങള്‍ സൃഷ്ടിച്ചും ആരാധകര്‍ വന്‍ രജനീ കട്ടൗട്ടുകള്‍ സ്ഥാപിച്ചും പ്രചാരണം നല്കി. കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനം രജനിയുടെ ചിത്രമുള്ള വെള്ളി നാണയങ്ങള്‍ പുറത്തിറക്കി. ടിക്കറ്റിന് അമിതനിരക്ക് ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ ഇടപെടാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചത് സിനിമാ പ്രേമികളായ സാധാരണക്കാരെ നിരാശപ്പെടുത്തി.
സിനിമാ റിലീസ് ദിവസം കട്ടൗട്ടുകളില്‍ പാല്‍സേവ നടത്തുന്ന ഫാന്‍സ് ക്ളബുകാര് ഇക്കുറി കുടുങ്ങിയേക്കും. കട്ടൗട്ടുകളില്‍ പാല്‍സേവ നടത്തി പാല് നഷ്ടപ്പെടുത്തരുതെന്ന കര്‍ണാടക ഹൈകോടതി വിധി വിവിധ സംഘടനകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: