കണ്ണൂര്‍: ഫെയ്‌സ്ബുക്ക് കൂട്ടായ്‌മയുടെ മറവില്‍ സൈനിക വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് വിഎച്ച്പി കണ്ണൂര്‍ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. കാശ്മീരില്‍ ത്രീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടക്കുന്ന സൈനിക സുരക്ഷാ നടപടികളെ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതിനു പിന്നില്‍ ചില തീവ്രവാദ സംഘടനകളാണ്. വിദേശ പണംപറ്റി രാജ്യത്തെ അസ്ഥിരപ്പെടുത്തുവാന്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ ക്യാമ്പസുകളില്‍പ്പോലും വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി നവമാധ്യമങ്ങളിലും പൊതുഇടങ്ങളിലും കാട്ടിക്കൂട്ടുന്ന ഇത്തരം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് പോലീസ് സ്വീകരിച്ചില്ലെങ്കില്‍ സമാധാനകാംക്ഷികളായ ജനങ്ങളെ അണിനിരത്തി ഇത്തരം ദേശദ്രോഹ നടപടികളെ ചെറുക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ ഒരുക്കുകയെന്ന കടമ പോലീസിന്റെയും പട്ടാളത്തിന്റെയും മാത്രം കടമയല്ലെന്നും ദേശസ്‌നേഹികളായ ജനങ്ങള്‍ക്കുമുണ്ടെന്ന കാര്യം ഇത്തരം ദേശവിരുദ്ധ നടപടികള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നവര്‍ ചിന്തിക്കണമെന്നും യോഗം മുന്നറിയിപ്പു നല്‍കി. വിവിധ പ്രദേശങ്ങളില്‍ ഇത്തരം ദേശദ്രോഹ കൂട്ടായ്‌മകള്‍ നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുവാനും യോഗം തീരുമാനിച്ചു. എന്തിനും ഏതിനും ഉറഞ്ഞുതുളളുന്ന മതേതര രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത്തരം ദേശദ്രോഹ മതഭീകര പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചതിന്റെ പരിണത ഫലമാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നിത്യവും പുറത്തു വരുന്നതെന്നും യോഗം കുറ്റപ്പെടുത്തി. സുവര്‍ണ്ണരാജ്, രവീന്ദ്രന്‍, സമജ്, കൃഷ്ണപ്രഭ എന്നിവര്‍ സംസാരിച്ചു.
















