പാലാ: നഗരസഭയുടെ ഓപ്പണ്‍ സ്റ്റേജും പരിസരവും കാടുകയറി നശിക്കുന്നു. ഉദ്ഘാടനം ചെയ്ത ശേഷം അധികൃതര്‍ തിരിഞ്ഞു നോക്കാത്തതാണ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സ്‌റ്റേജ് നശിക്കാനിടയാക്കുന്നത്.
സിവില്‍ സ്‌റ്റേഷന് പിന്നില്‍ ബൈപാസിനു സമീപം കഴിഞ്ഞ വര്‍ഷമാണ് നഗരസഭ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ച് പൊതു ആവശ്യങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പാതയോരങ്ങളിലെ പൊതുയോഗം കോടതി നിരോധിച്ച സാഹചര്യത്തില്‍ സൗകര്യപ്രദമായി പൊതുയോഗങ്ങള്‍ നടത്തുന്നതിന് വേദിയുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് അന്നത്തെ നഗരസഭ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചതെങ്കിലും ഇത് ദീര്‍ഘ വീക്ഷണമില്ലാത്ത നടപടിക്ക് ഉദാഹരണമായി.
ഇവിടെയെത്താന്‍ സൗകര്യമുള്ള റോഡുകള്‍ ഇല്ലാത്തതും സിവില്‍ സ്‌റ്റേഷന്‍ ഉള്‍പ്പെടെ സമീപവശങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന വന്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് സ്റ്റേജ് സ്ഥിതി ചെയ്യുന്നതും ഇതിന്റെ ആകര്‍ഷകത്വം ഇല്ലാതാക്കി.
മഴ പെയ്താല്‍ സമീപത്തുനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം കെട്ടിക്കിടന്ന് സ്റ്റേജിന്റെ പരിസരം ചെളിയായി മാറും. ചുറ്റും നില്‍ക്കുന്ന വന്‍മരങ്ങള്‍ സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. പൊതുജനം ഉപേക്ഷിച്ച ഓപ്പണ്‍ സ്റ്റേജിനെ നഗരസഭയും അവഗണിച്ചിരിക്കുകയാണ്.
വെളിച്ചം പോലുമില്ലാത്ത ഇവിടം രാത്രികാലങ്ങളില്‍ മദ്യപന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറി.
















