ഗാന്ധിനഗര്‍: അപകടസാധ്യത പരിഗണിക്കാതെയും ട്രാന്‍സ്‌ഫോര്‍മറിന് സംരക്ഷണവേലി പണിതു. കോട്ടയം മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനകവാടമായ ഗാന്ധിനഗര്‍ ജംഗ്ഷനിലാണ് കെഎസ്ഇബിയുടെ ഈ നടപടി. തിരക്കേറിയ എംസി റോഡരികില്‍ ടാര്‍ റോഡില്‍ നിന്നും ഒരുമീറ്റര്‍ മാത്രം ദൂരെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ നിലകൊള്ളുന്നത്. ഇതിന് സംരക്ഷണവേലി പോലുമില്ലാതെ അപകടാവസ്ഥയിലാണെന്നും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യം ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ സംരക്ഷണവേലി മാത്രം തീര്‍ത്തുകൊണ്ട് അധികൃതര്‍ തടിതപ്പിയിരിക്കുകയാണ്. എം.സി.റോഡുവഴി കോട്ടയത്തുനിന്നും ഏറ്റുമാനൂര്‍ കാരിത്താസ് ഭാഗത്തുനിന്നും രോഗികളുമായി ചീറിപ്പാഞ്ഞെത്തുന്ന ആംബുലന്‍സുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെനിന്നും തിരിഞ്ഞ് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നത്. റോഡിന് തൊട്ടടുത്തുതന്നെ നില്‍ക്കുന്ന ഈ ട്രാന്‍സ്‌ഫോര്‍മര്‍ ദൂരെനിന്ന് വരുന്ന വാഹനഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാനുള്ള സാധ്യതവളരെ കുറവാണ്. നാട്ടുകാരും രാഷ്‌ട്രീയ കക്ഷികളും പലപ്രാവശ്യം ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ നടത്തിയിരുന്നു. അപകടകരമായ നിലയിലുള്ള ഈ ട്രാന്‍സ്‌ഫോര്‍മര്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
















