ഏറ്റുമാനൂര്‍: വനിതാ ഹോസ്റ്റലില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ പതിനെട്ട് വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍. ഗ്രാമവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗസല്യയോജന പദ്ധതിയുടെ തെള്ളകത്തെ പരിശീലന കേന്ദ്രത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. കെ.എസ്. ശരണ്യ (17) കടുത്തുരത്തി, എം.എസ്. സബിത (18) പാത്താമുട്ടം, പി എം. ശാലു (18) കടുത്തുരുത്തി, സി.എസ്. ശരണ്യ (24)എരുമേലി, രേഷ്മ ബാബു (18) പാത്താമുട്ടം, അപര്‍ണമോഹന്‍ (18) കടുത്തുരത്തി, എസ്. രാഗിത (18)പാലാ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇനേബിള്‍ സര്‍വ്വീസിലെ വിദ്യാര്‍ത്ഥികളായ പി.പി. ദീപ്തിമോള്‍ (20) ഇടുക്കി, അഞ്ജു അഗസ്ത്യന്‍ (20) രാമപുരം, അഞ്ജന രാജു (19) ഏഴാച്ചേരി, ചിന്നു കെ ജയന്‍ (20) നീണ്ടൂര്‍, കൃഷ്‌ണേന്ദു (18) പൈക, ദിവ്യ ദാമോദരന്‍ (18) പള്ളിക്കത്തോട്, കെ.ആര്‍. രേഷ്മ (19) കിടങ്ങൂര്‍, മേഘാ ബാബു (17) ചങ്ങനാശ്ശേരി, ശില്‍പാമോള്‍ (25) തോട്ടക്കാട്, ഹോസ്റ്റല്‍ വാര്‍ഡന്‍ എല്‍സി വര്‍ഗ്ഗീസ് (47) എന്നിവരാണ് എറ്റുമാനൂര്‍ ഗവ ആശുപത്രിയില്‍ ചികില്‍സ തേടിയത്. കേരളത്തിലെ ആറ് കേന്ദ്രങ്ങളിലൊന്നായ തെള്ളകത്തെ പരിശീലന കേന്ദ്രം ഐകെവൈഎ എന്ന ബാംഗ്ലൂര്‍ കമ്പനിയാണ് നടത്തുന്നത്. ഹോസ്റ്റലിലെ ക്യാന്റിനില്‍നിന്നും കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു. ചോറും, ചെമ്മീന്‍ പൊടിച്ചതും, കാബേജും, മോരും, അച്ചാറുമാണ് ഉച്ചഭക്ഷണത്തിന് ഉണ്ടായിരുന്നത്. വൈകിട്ട് ചെമ്മീന്‍ പൊടിച്ചതൊഴികെ അതേ ഭക്ഷണമായിരുന്നു കുട്ടികള്‍ക്ക്. സ്വകാര്യ വ്യക്തിക്കാണ് കാന്റീന്‍ ഭക്ഷണം ഉണ്ടാക്കുന്നതിന് കരാര്‍ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ നില അപകടകരമല്ലന്നും ഏത് ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നറിയാന്‍ ഭക്ഷണാവശിഷ്ടം ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചതായും വിദ്യാര്‍ത്ഥിനികളെ ചികില്‍സിച്ച ഡോക്ടര്‍മാരായ കെ.എസ്. ജലേഷും, എം. അരുണും പറഞ്ഞു.
















