കട്ടപ്പന/ ഉപ്പുതറ: വിദേശത്ത് ജോലിയ്‌ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് യുവാക്കളില്‍ നിന്നും പണം തട്ടിയ സംഭലത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു. ഇത് വരെ 30ലധികം യുവാക്കളാണ് പരാധിയുമായി ഹൈറേഞ്ചിലെ വിവിധ സ്‌റ്റേഷനുകളിലെത്തിയത്. കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടം കോമ്പനാര്‍ സ്വദേശി ശ്രീകുമാറിന്റെ പരാതിയേ തുടര്‍ന്ന് ഉപ്പുതറ ഒമ്പതേക്കര്‍ തെങ്കാശിക്കല്‍ രമേശിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് ഇത്തരത്തില്‍ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കട്ടപ്പനയില്‍ മാത്രം 10ലധികം കേസുകളാണ് എടുത്തിരിക്കുന്നത്. ഉപ്പുതറ, വണ്ടന്‍മേട്, നെടുങ്കണ്ടം, പീരുമേട് തുടങ്ങിയ സ്റ്റേഷനിലും യുവാക്കള്‍ പരാധിയുമായെത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി തരപ്പെടുത്തി തരാമെന്നും പറഞ്ഞാണ് രമേശ് യുവാക്കളില്‍ നിന്നും വിസയുടെ അഡ്വാന്‍സെന്ന് പറഞ്ഞ് പണം വാങ്ങിയത്. 20000 രൂപ വീതമാണ് ഒരോരുത്തരില്‍ നിന്നും വാങ്ങിയിരിക്കുന്നതെന്നാണ വിവരം. ഇത്തരത്തില്‍ പ്രതി ലക്ഷങ്ങള്‍ തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് മനസിലാക്കി ജില്ലാ പോലീസ് മേധാവിയ്‌ക്കും കട്ടപ്പന ഡിവൈഎസ്പിയ്‌ക്കും ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. അതേ സമയം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച മൂന്നാറില്‍ നിന്നും മധ്യവയസ്‌കയെ സമാനമായ തട്ടിപ്പില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















