തൊടുപുഴ: ചിറ്റൂര്‍ കളപ്പുര കോളനിയില്‍ സോണിയ്‌ക്കും മൂന്ന് പെണ്‍മക്കള്‍ക്കും ഭയമില്ലാതെ ഇനി അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ കെട്ടിടത്തില്‍ പടുത വലിച്ച് കെട്ടിയാണ് ഈ നാലംഗ കുടുംബം കഴിഞ്ഞ് വന്നിരുന്നത്. സഹായത്തിനായി പലരോടും അഭ്യര്‍ത്ഥിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഈ ദുരിത ജീവിതം കണ്ടറിഞ്ഞ് സ്ഥലത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരും സേവാഭാരതി പ്രവര്‍ത്തകരുമാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഇടപെട്ടത്. സേവഭാരതിയുടെ സഹകരണത്തോടെ പണി ആരംഭിച്ചു. സേവാഭാരതിയുടെ നന്മ അറിഞ്ഞ് കേട്ട് നിരവധി സുമനസുകളും കെട്ടിട നിര്‍മ്മാണത്തിന് കൈത്താങ്ങായി. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സോണിയ തന്റെ മൂന്ന് പെണ്‍മക്കളെ വളര്‍ത്തുന്നത് പെയിന്റിംങ് ജോലിക്ക് പോയാണ്. സ്വന്തം പേരില്‍ പട്ടയമില്ലെന്ന് പറഞ്ഞ് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. പുതിയ വീടിന്റെ പ്രവേശന ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് കെ സുധാകരന്‍, കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















