ന്യൂദല്‍ഹി: സമുദ്രവ്യാപാര രംഗത്ത് സഹകരണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഭാരതവും അമേരിക്കയും തീരുമാനിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്ക്കരി അമേരിക്കയിലെ സിറ്റി ഓഫ് ലോംഗ് ബീച്ച് തുറമുഖ വകുപ്പ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ തുറമുഖങ്ങളുടെ നിര്‍മ്മാണം, നിലവിലുള്ള തുറമുഖങ്ങളില്‍ പുതിയ ബര്‍ത്തുകള്‍/ടെര്‍മിനലുകള്‍ എന്നിവയുടെ നിര്‍മ്മാണം, ഡ്രെഡ്ജ്ജിംഗ്, കപ്പല്‍ നിര്‍മ്മാണം, കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍, ഉള്‍നാടന്‍ ജലപാതകളുടെ വികസനം, ക്രൂയിസ് ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലെ നിരവധി നിക്ഷേപ അവസരങ്ങള്‍ വിവരിച്ചു.
ഉഭയകക്ഷി വാണിജ്യം വികസിപ്പിക്കുന്നതിന് മുബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖവും, പോര്‍ട്ട് ഓഫ് ലോംഗ് ബീച്ചും തമ്മില്‍ സംയുക്ത സംരംഭ സാധ്യതകളും ചര്‍ച്ചയില്‍ ഉള്‍പ്പെടും.
കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ തുറമുഖങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന സാഗര്‍മാല പദ്ധതിയുമായി സഹകരിക്കാന്‍ അമേരിക്ക ഏറെ താല്‍പര്യം പ്രകടിപ്പിച്ചു.
അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് 50 മുതല്‍ 60 ബില്ല്യന്‍ ഡോളര്‍ വരെ നിക്ഷേപ സാദ്ധ്യതകളുള്ള 150 പദ്ധതികളാണ് ഇതിന്റെ കീഴിലുള്ളത്. വ്യാവസായിക വളര്‍ച്ച പരിപോഷിപ്പിക്കുന്നതിന് മറ്റൊരു 100 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപവും പദ്ധതി വിഭാവനം ചെയ്യുന്നു.















