വണ്ടിപ്പെരിയാര്‍: തോട്ടം തൊഴിലാളിയായ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചതായി പരാതി. മല്‍പ്പിടുത്തത്തില്‍ പരിക്കേറ്റ യുവതി പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല അപ്പര്‍ ഡിവിഷനില്‍ ജോസ്റ്റീന (30) യാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 7 മണിയോടു കൂടിയാണ് സംഭവം. പോബ്‌സണ്‍ കമ്പനിയുടെ മഞ്ചുമല അപ്പര്‍ ഡിവിഷനിലെ തൊഴിലാളിയാണ് ഇവര്‍. സംഭവത്തെ കുറിച്ച് ജോസ്റ്റീന പറയുന്നത് ഇങ്ങനെ: വീട്ടില്‍ നിന്നും ജോലിക്കായി ഫീല്‍ഡിലേക്ക് പോകുന്നതിനിടയില്‍ രണ്ടുപേര്‍ തന്റെ അടുത്തേക്ക് ഓടി വരുന്നത് കണ്ടു ഇതിനിടയില്‍ ഭയന്ന് കഴുത്തിലുണ്ടായിരുന്ന മാല സ്വയം പൊട്ടിച്ച് തേയില കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി. പിന്നാലെ എത്തിയ യുവാക്കള്‍ കഴുത്തില്‍ കിടന്ന മാല ആവശ്യപ്പെടുകയും കല്ല് ഉപയോഗിച്ച് നെഞ്ചില്‍ ഇടിക്കുകയും ചെയ്തു. മല്‍പ്പിടുത്തത്തിനിടയില്‍ ജോലി ആവശ്യത്തിനായി കൊണ്ടുപോയ കൊളുന്ത് വെട്ടുന്ന കത്രിക ഉപയോഗിച്ച് ജോസ്റ്റീന ആക്രമിയില്‍ ഒരാളുടെ തലയില്‍ അടിച്ചതോടെ ഒരാള്‍ പിന്‍വാങ്ങി എന്നാല്‍ മറ്റേയാള്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതായും വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചതായും പറയുന്നു. ബഹളം വെച്ചതിനെ തുടര്‍ന്ന് ഫീല്‍ഡില്‍ മറ്റ് ജോലികള്‍ ചെയ്തു കൊണ്ടിരുന്ന തൊഴിലാളികള്‍ എത്തിയതോടെ ആക്രമികള്‍ ഓടി രക്ഷപെട്ടതായും ഇവര്‍ പറയുന്നു. പരിക്കേറ്റ് ജെസ്റ്റീനയെ തൊഴിലാളികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമികളെ നേരില്‍ കണ്ടാല്‍ അറിയാവുന്നതാണെന്നും ഇവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
















