ഇടുക്കി: ഇടമലക്കുടിയില്‍ പട്ടിണിയില്ലെന്ന ദേവികുളം എംഎല്‍എയുടെ നിയമസഭയിലെ പ്രസ്ഥാവന വിവാദമാകുന്നു. പ്രസ്ഥാവനക്കെതിരെ ശക്തമായ പ്രതിക്ഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇടമലക്കുടിയിലെ നിവാസികളില്‍ ദാരിദ്രത്തിലും അസുഖങ്ങളില്‍പെട്ട് ജീവിതം തള്ളിനീക്കുമ്പോഴാണ് ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ഇത്തരത്തില്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ പ്രസ്താവന ഇറക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. കുടിയിലെ വനവാസി സമൂഹത്തിനുള്ള അരി വിതരണം ചെയ്തു കൊണ്ടിരുന്നത് ഗിരിജന്‍ സര്‍വ്വീസ് സൊസൈറ്റിയാണ.് ഒരു കിലോ അരി ഇടമലക്കുടിയില്‍ ചുമന്ന് എത്തിക്കുന്നതിന് ഒന്‍പത് രൂപ ചുമട്ട് കൂലി നല്‍കണം. ഈ തുക ഗിരിജന്‍ സര്‍വ്വീസ് സൊസൈറ്റിയാണ് നിലവില്‍ കൊടുത്തു കൊണ്ടിരിക്കുന്നത്. ഈ ഇനത്തില്‍ മാത്രം സര്‍ക്കാര്‍ സൊസൈറ്റിക്ക് 25 ലക്ഷം രൂപ കുടിശിഖ നല്‍കുവാനുണ്ട്. ഇതുമൂലം 5000 കിലോ അരി പെട്ടിമുടി ഗിരിജന്‍ സൊസൈറ്റിയുടെ ഗോഡൗണില്‍ കെട്ടികിടക്കുകയാണ.് കുടിശിഖ കൊടുത്തു തീര്‍ക്കുന്നതിന് പിണറായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു മറച്ചു വച്ചു കൊണ്ടുള്ള രാജേന്ദ്രന്റെ പ്രസ്താവന ഇടമലക്കുടിയിലെ വനവാസി സമൂഹത്തോടുള്ള അവഹേളനമാണെന്ന് ബിജെപി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി എന്‍ സുരേഷ് പറഞ്ഞു. എത്രയുംവേഗം സര്‍ക്കാര്‍ സൊസൈറ്റിക്കുള്ള കുടിശിഖ തീര്‍ത്ത് വനവാസി സമൂഹത്തെ പട്ടിണിയില്‍ നിന്നും രക്ഷപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















