പൊടിയില്‍ നിന്നും ഓടി രക്ഷപ്പെടുന്ന യാത്രക്കാര്‍
അമ്പലപ്പുഴ: ദേശീയപാതയിലെ കുഴിയടപ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ആരംഭിച്ചു. പൂര്‍ണമായും തകര്‍ന്ന റോഡിലാണ് കഴിഞ്ഞ ദിവസം മുതല്‍ കുഴി അടയ്‌ക്കല്‍ തുടങ്ങിയത്. നാമാത്രമായ മെറ്റല്‍ നിരത്തി അതിനു മുകളില്‍ പാറപ്പൊടിയും വിതറി ഉദ്യോഗസ്ഥരും കരാറുകാരും പോകുന്നതോടെ ജനങ്ങളുടെ ദുരിതം ആരംഭിക്കുകയായി.
മെറ്റലിന്റെ പുറത്തിടുന്ന പൊടി വാഹനങ്ങള്‍ കടന്നുപോകുന്നതോടെ പ്രദേശമാകെ പറന്നുയരുകയും കാല്‍യാത്രക്കാര്‍ക്കും അന്യവാഹനങ്ങള്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും റോഡുവശങ്ങളിലെ വീടുകള്‍ക്കും ഒന്നാകെ ഭീഷണിയുയര്‍ത്തുകയാണ്. കഴിഞ്ഞ കുറേ നാളുകളായി ഈ പൊടി ശ്വസിച്ച് പലര്‍ക്കും ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു. പിഞ്ചുകുട്ടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന നാട്ടുകാര്‍ക്ക് ഇപ്പോള്‍ വഴിയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
















