ധാക്ക: ബാംഗ്ലാദേശ് ഭീകരാക്രമണത്തിലെ തീവ്രവാദികൾക്ക് അഭയം നൽകിയതിന് ഒരു സ്വകാര്യ സർവ്വകലാശാല പ്രോ വൈസ്ചാൻസലറുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഐഎസ് ഭീകരർ ഈ മാസം ഒന്നിന് ധാക്കയിലെ ഹോളി ആർട്ടിസാൻ ബേക്കറിക്ക് നേരെ നടത്തിയ ആക്രമണത്തിൽ 22പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരർക്ക് താമസിക്കാൻ ഫഌറ്റ് വാടകയ്‌ക്ക് നൽകിയ നോർത്ത് സൗത്ത് സർവ്വകലാശാല (എൻഎസ്‌യു) പ്രോ വൈസ്ചാൻസലർ ഉദ്ദിൻ അഹ്‌സാൻ ആണ് അറസ്റ്റിലായത്.
അദ്ദേഹത്തിന്റെ സഹോദരീ പുത്രൻ ആലം ചൗധരി, റഹ്മാൻ തുഹിൻ തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേർ. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാൾ എൻഎസ്‌യു സർവ്വകലാശാലാ വിദ്യാർത്ഥിയായിരുന്നു. ഗണജാഗരൺ മഞ്ച് ആക്ടിവിസ്റ്റും ബ്ലോഗറുമായ അഹമ്മദ് റജിം ഹൈദരിന്റെ കൊലയ്‌ക്ക് ശേഷം പ്രത്യേക നിരീക്ഷണത്തിനു കീഴിലാണ് എൻഎസ്‌യു സർവ്വകലാശാല.
കഴിഞ്ഞ മെയിലാണ് ഭീകരർ ഫഌറ്റ് വാടകക്കെടുത്തത്. ആക്രമണം നടത്തിയ അഞ്ചു ഭീകരരും അഹ്‌സാന്റെ ഫഌറ്റിലാണ് കഴിഞ്ഞിരുന്നതെന്ന് ധാക്കാ മെട്രോപൊളിറ്റൻ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മസുദുർ റഹ്മാൻ പറഞ്ഞു.
മറ്റു കൂട്ടാളികൾ പോലീസിന്റെ കൈയിൽ പെടാതെ രക്ഷപ്പെട്ടു. ഫഌറ്റിൽ നിന്ന് നിരവധി കാർട്ടണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗ്രനേഡുകൾ സൂക്ഷിക്കാനായി ഉപയോഗിച്ചവയാകാം കാർട്ടണുകളെന്ന് പോലീസ് സംശയിക്കുന്നു. ഗുൽഷൻ ഭീകരാക്രമണത്തിനു ശേഷം മാസങ്ങൾക്കു മുമ്പ് കാണാതായ 10 യുവാക്കളുടെ ലിസ്റ്റ് പോലീസ് പുറത്തുവിട്ടിരുന്നു. കാണാതായവരിലും എൻഎസ്‌യുവിലെ രണ്ടു വിദ്യാർത്ഥികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: