കോട്ടയം: മാറ്റി സ്ഥാപിച്ച കള്ള് ഷാപ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ അടച്ചുപൂട്ടി. കോട്ടയം നഗരസഭയിലെ 51-ാം വാര്‍ഡിലെ കുമാരനല്ലൂര്‍ വലിയാല്‍ ജംഗ്ഷനിലെ കള്ളുഷാപ്പാണ് പൂട്ടിയത്. മള്ളൂശേരി തെള്ളിക്കുഴി ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പാണ് വലിയാല്‍ ഭാഗത്തെ ഗ്യാസ്‌ഗോഡൗണിന് സമീപം കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചത്. കെട്ടിട നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ശനിയാഴ്ച മുതല്‍ ബോര്‍ഡുവച്ച് വില്പന ആരംഭിച്ചത്. സൗജന്യമായി കള്ള് വിതരണം നടത്തിക്കൊണ്ടായിരുന്നു പ്രവര്‍ത്തനത്തിന്റെ തുടക്കം. പ്രവര്‍ത്തനം ആരംഭിച്ചതോടെ ഷാപ്പിനുമുന്നില്‍ കുടുംബശ്രീയുടെ നേത്യത്വത്തില്‍ പ്രതിഷേധമാരംഭിച്ചു. സമരം ശക്തമായതോടെ ജനപ്രതിനിധികളും ഗാന്ധിനഗര്‍ പോലീസും സ്ഥലത്തെത്തി.
എക്സൈസ് രേഖകള്‍ പോലീസ് പരിശോധിച്ച് ഷാപ്പ് പ്രവര്‍ത്തിക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ അഭിപ്രായം. പിന്നീട് കെട്ടിട പെര്‍മിറ്റ് പരിശോധിച്ചപ്പോള്‍ കെട്ടിടം അനധികൃതമാണെന്ന വാദത്തെ തുടര്‍ന്ന് ഷാപ്പ് അടച്ചിട്ടു. തുടര്‍ന്ന് ഷാപ്പ് താല്‍ക്കാലികമായി പൂട്ടുന്നതിന് പോലീസ് നിര്‍ദേശം നല്‍കി. അടച്ചിട്ട ഷാപ്പിന് മുന്നില്‍ ഇന്നലെയും സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ ഇടപെട്ടാണ് ഷാപ്പ് അടച്ചുപൂട്ടാന്‍ തീരുമാനമായത്. ഷാപ്പ് തുറന്നുപ്രവര്‍ത്തിക്കുന്നതിനാവശ്യമായ രേഖകള്‍ ഉടമയുടെ പങ്കലുണ്ടെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്രമസമാധാന തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍ താല്‍ക്കാലികമായാണ് ഷാപ്പ് അടച്ചുപൂട്ടിയതെന്ന് എക്‌സൈസ് ഏറ്റുമാനൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ സതീഷ് അറിയിച്ചു.
















