തൊടുപുഴ: ശരീരം പൊട്ടി പുഴുവരിച്ച് ഗുരുതര സ്ഥിതിയില്‍ വീടിനുള്ളില്‍ കഴിഞ്ഞ വൃദ്ധയെ ആശുപത്രിയിലാക്കാനെത്തിയ വനിത സെല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ രോഗിയുടെ ബന്ധുവായ സ്ത്രീ തടഞ്ഞു. തൊടുപുഴ ആശിര്‍വാദ് തീയേറ്ററിന് സമീപം ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പുതുമനയില്‍ റോസമ്മ (72)യെയാണ് തൊടുപുഴ വനിത സെല്‍ എസ്.ഐ സുശീലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ആശുപത്രിയിലാക്കാനെത്തിയത്. റോസമ്മയെ പരിചരിച്ചിരുന്ന മേരിയെന്ന സ്ത്രീയാണ് പ്രശ്നങ്ങളുണ്ടാക്കിയത്. പോലീസിനെ കണ്ട് ആത്മഹത്യാഭീഷണി മുഴക്കിയ മേരിയെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആംബുലന്‍സിന്റെ സഹായത്തോടെ റോസമ്മയെ ആശുപത്രിയിലുമാക്കി. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: റോസമ്മയുടെ അടുത്ത ബന്ധുവായ മേരിയെന്ന യുവതിയാണ് ഇവര്‍ക്ക് ആഹാരം നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റിയില്‍ നിന്ന് വൃദ്ധ ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമെത്തിയ ഉദ്യോഗസ്ഥരാണ് റോസമ്മയുടെ ദയനീയ സ്ഥിതി പുറം ലോകത്തെത്തിച്ചത്. തുടര്‍ന്ന് വനിത സെല്ലില്‍ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് റോസമ്മ വാഹന അപടത്തില്‍ പെട്ടിരുന്നു. സഹായമില്ലാതെ നടക്കാന്‍ കഴിയില്ല. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവായ മേരിയാണ് കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. എണീറ്റ് നടക്കാന്‍ പറ്റാതെ ഒരേ നിലയില്‍ കിടന്നതിനാലാണ് ഇവരുടെ ശരീരം പൊട്ടിയൊലിക്കാന്‍ തുടങ്ങിയത്. ഇത്രസ്ഥിതിയായിരുന്നിട്ടും മേരി ഇവരെ ആശുപത്രിയാക്കാന്‍ കൂട്ടാക്കിയില്ല. 28 സെന്റ് സ്ഥലം റോസമ്മയുടെ പേരിലുണ്ട്. ഈ വസ്തു മേരിക്കും ബന്ധുക്കള്‍ക്കും ലഭിക്കാനാണ് മേരി ഇവരെ പരിചരിച്ചിരുന്നതെന്നാണ് ആക്ഷേപം. റോസമ്മയെ ആശുപത്രിയില്‍ എത്തിച്ചാല്‍ മറ്റ് ബന്ധുക്കള്‍ അവകാശവാദമായി എത്തുമോയെന്നും മേരി ഭയപ്പെട്ടു. പോലീസ് എത്തി അവസരോചിതമായി പെരുമാറിയതിനാല്‍ റോസമ്മയുടെ അപകടസ്ഥിതി മാറി. ഒരാഴ്ചത്തെ ചികിത്സകൊണ്ട് ശരീരത്തിലെ വ്രണങ്ങള്‍ നീങ്ങുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതായി വനിത സെല്‍ എസ്.ഐ സുശീല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: