മുള്‍ട്ടാന്‍: പാക് നടിയും മോഡലുമായ ഖന്ദീല്‍ ബലോച് സഹോദരന്റെ വെടിയേറ്റ് മരിച്ചു. ഇന്നു രാവിലെ മുള്‍ട്ടാനിലായിരുന്നു സംഭവം. ഇളയ സഹോദരന്റെ വെടിയേറ്റാണു മരിച്ചതെന്നും കുത്തേറ്റതാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
താരത്തിന്റെ കുടുംബാംഗങ്ങള്‍ മോഡലിംഗിന് എതിരായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഇന്റര്‍നെറ്റ് സെന്‍സേഷണലായ ബലോചിനോട് മോഡലിംഗില്‍നിന്ന് പിന്മാറണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നതായി ഇവരുടെ കുടുംബത്തോട് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.
താരത്തിനെതിരെ മുന്‍പും വധഭീക്ഷണികളുണ്ടായിരുന്നതായും സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. മുള്‍ട്ടാനിലാണെങ്കിലും സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് ബലോച് താമസിച്ചിരുന്നത് എവിടെയാണെന്ന് കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ല. റമദാനിന് ശേഷം വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഭാരതത്തെ പരാജയപ്പെടുത്തിയാല്‍ നഗ്നനൃത്തം ചെയ്യുമെന്നതടക്കം നിരവധി പ്രസ്താവനകളിലൂടെ പ്രശസ്തയാണ് ഖന്ദീല്‍ ബെലോച്ച. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ സീസണ്‍ 10ല്‍ ബെലോച്ച പങ്കെടുക്കാനിരിക്കെയാണ് മരണം.
മത പണ്ഡിതനും പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ മുഫ്തി അബ്ദുള്‍ ഖവിയോടൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ബലോച് പോസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.















