പയ്യന്നൂര്‍: പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നു. കഴിഞ്ഞ 12 ന് ഉച്ചക്ക് 3 മണിക്ക് വീടുകളില്‍ നിന്നും കസ്റ്റഡിയിലെടുത്ത ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നുപേരെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിട്ടയക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാതെ പോലീസ് പീഡിപ്പിക്കുകയാണ്. ചിറ്റടി സ്വദേശികളായ അജിത്ത്, അനില്‍ കുമാര്‍, സുരേഷ് എന്നിവരെയാണ് മൂന്നുദിവസമായി കസ്റ്റയിലെടുത്ത പോലീസ് പീഡിപ്പിക്കുന്നത്. മൂന്നുദിവസം പിന്നിട്ടിട്ടും കോടതിയില്‍ ഹാജരാക്കുകയോ വിട്ടയക്കുകയോ ചെയ്യാത്ത പോലീസ് നടപടിക്കെതിരെ മൂവരുടെയും കുടുംബാംഗങ്ങള്‍ പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇവരെ കണ്ടെത്താനായി അഡ്വക്കറ്റ് കമ്മീഷനായി ടി.വി.മോഹനനെ ചുമതലപ്പെടുത്തിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ സിഐയുടെ ഓഫീസും പരിസരവും പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിസരവും കമ്മീഷന് പരിശോധിച്ചു. എന്നാല്‍ അഡ്വക്കറ്റ് കമ്മീഷന്റെ പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയോ മറ്റാരെയെങ്കിലുമോ പോലീസ് സ്റ്റേഷനില്‍ കാണാന്‍ കഴിഞ്ഞില്ല. ബന്ധുക്കള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ പോലീസ് മൂവരെയും നിയമവിരുദ്ധമായി പെരിങ്ങോം ഗസ്റ്റ് ഹൗസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി-ആര്‍എസ്എസ് നേതൃത്വം നിയമനടപടിക്കൊരുങ്ങുകയാണ്. മൂന്നുപേരുടെയും ജീവന് അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇരുസംഘടനകളുടെയും നേതൃത്വം ഹൈക്കോടതി മുമ്പാകെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അന്യായമായി യുവാക്കളെ കസ്റ്റഡിയില്‍ വെച്ചതായി ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പരാതിക്കാര്‍ക്കു വേണ്ടി അഡ്വ.സി.കെ.അംബികാസുതന്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: