പാരീസ്: നീസിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 16 -ാം തീയതി മുതല്‍ 18 വരെയാണു ദുഃഖാചരണം. ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തേ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സ് ഇസ്‌ലാമിക ഭീകരവാദത്തിന്റെ ഭീഷണിയിലാണെന്ന് ഒളാന്ദ് പറഞ്ഞു. നീസില്‍ ഭീകരാക്രമണത്തിനു സമാനമായ ആക്രമണമാണു നടന്നത്. രാജ്യം ഒറ്റക്കെട്ടായി ഇത്തരത്തിലുള്ള ആക്രമണത്തെ ചെറുക്കണമെന്നും ഒളാന്ദ് കൂട്ടിച്ചേർത്തു
തെക്കന്‍ ഫ്രഞ്ച് നഗരമായ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ ഭീകരന്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഇടിച്ചുകയറ്റി എണ്‍പതോളം പേരെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അമ്പതോളം പേരില്‍ 18 പേരുടെ നില ഗുരുതരമാണ്.















