ഭാരതത്തില്‍ ഇതിന് മുമ്പ് മൂന്നോ നാലോ സംസ്കൃത ചിത്രങ്ങള്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ‘ഇഷ്ടി’ അതില്‍ നിന്നെല്ലാം വേറിട്ട് നില്ക്കുന്നു. സാമൂഹ്യ പശ്ചത്തലത്തോട് അത്രയധികം അടുത്ത് നില്ക്കുന്നു എന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
‘ഇഷ്ടി’ എന്നാല്‍ ആത്മാന്വേഷണമെന്നാണ് അര്‍ത്ഥം. സാമൂഹിക പശ്ചാത്തലത്തെ പ്രമേയമാക്കുന്ന ഇത്തരത്തിലൊരു ചിത്രം സംസ്കൃതത്തിലാദ്യമാണ്. ഇതുവരെ പുരാണകഥകളും ജീവചരിത്ര ചിത്രങ്ങളുമാണ് സംസ്കൃതത്തിലായി വന്നിട്ടുള്ളത്.
ഇതുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ സാമൂഹികവും പാരമ്പര്യവുമായി നിലനിന്നിരുന്ന കറുത്ത അദ്ധ്യായങ്ങളെ വരച്ചു കാട്ടുകയാണ് ‘ഇഷ്ടി’.
മലയാളത്തിന്റെ മികച്ച നടന് നെടുമുടി വേണുവാണ് ‘ഇഷ്ടി’യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഴുപത്തൊന്നു വയസുള്ള വേദ പണ്ഡിതന് രാമവിക്രമന്‍ നമ്പൂതിരിയുടെ വേഷമാണ് നെടുമുടി അവതരിപ്പിക്കുന്നത്. കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്ന അഭിനയമാണ് നെടുമുടി വേണു ‘ഇഷ്ടി’യില്‍ കാഴ്ച്ചവച്ചിരിക്കുന്നത്. രാമവിക്രമന്‍ നമ്പൂതിരിയെന്ന ഇഷ്ടിയിലെ കഥാപാത്രത്തിന് മൂന്ന് ഭാര്യമാരുണ്ട്. മൂന്നാമത്തെ ഭാര്യയ്ക്ക് 17 വയസ് മാത്രമാണുള്ളത്. ശ്രീദേവിയെന്നാണ് ഇവരുടെ പേര്.
നമ്പൂതിതിരി കുടുംബങ്ങളിലെ യുവതലമുറക്കാര്‍ക്ക് പുരുഷ ആധിപത്യങ്ങളും യാഥാസ്ഥിതിക പാരമ്പര്യവും വെല്ലുവിളി ഉയര്‍ത്തുന്ന കാലം. കുടുംബത്തിലെ ഇളമുറക്കാര്‍ക്കാണ് സ്വത്തവകാശവും അധികാരവും. ഇവര്‍ക്ക് സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കാം, ഭാര്യയെ വീട്ടില്‍ കൊണ്ടു വരാം. ആ കാലത്ത് നായര്‍ സ്ത്രീകളുമായി നമ്പൂതിരി കുടുംബങ്ങളിലെ ഇളമുറക്കാര്‍ അവിഹിതമായി ബന്ധം പുലര്‍ത്തുന്നത് സാധാരണയാണ്(സംബന്ധം). അത്തരത്തിലുള്ള ബന്ധങ്ങളിലൂടെ ഉണ്ടാകുന്ന കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്തില്‍ അവകാശമില്ല. അവര്‍ക്ക് വിദ്യാഭ്യാസവും ലഭിക്കില്ല. അത്തരത്തിലുള്ള നിലപാടുകളെ ചിത്രത്തില്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
‘ഇഷ്ടി’യില്‍ രാമവിക്രമനാണ് കുടുംബത്തിന്റെ അധികാരം. രാമവിക്രമന്‍ കുടുംബത്തില്‍ സോമയാഗം നടത്തുന്നു. കുടുബത്തിലെ എല്ലാവരേയും യാഗത്തിലേയ്ക്ക് ക്ഷണിച്ച രാമവിക്രമന്‍ പക്ഷെ തന്റെ സഹോദരന് സംബന്ധത്തിലൂടെ ഉണ്ടായ മകനെ ക്ഷണിക്കുന്നില്ലെന്നത് അന്ന് നിലനിന്നിരുന്ന ഹീനമായ നിലപാടുകളെ ഉയര്‍ത്തി കാട്ടുന്നു.
ശ്രീദേവി (രാമവിക്രമന്റെ മൂന്നാമത്തെ ഭാര്യ) വിദ്യാ സമ്പന്നയാണ്. അവര്‍ യാഥാസ്ഥിതിക മനോഭാവങ്ങളെ എതിര്‍ക്കുന്നു. രാമവിക്രമന്റെ ആദ്യ ഭാര്യയിലുള്ള മകന് രാമന് നമ്പൂതിരിക്ക് എഴുത്തും വായനയുമില്ല. ശ്രീദേവി അയാള്‍ക്ക് വിദ്യാഭ്യാസവും അറിവും നല്കുന്നതിനിടയിലാണ് കുടുംബക്കാര് മറ്റൊരു ആരോപണം ഉന്നയിക്കുന്നത്. രാമനും ശ്രീദേവിക്കുമിടയില്‍ അവിഹിത ബന്ധമുണ്ട്. രാമവിക്രമനും ഇതിനോട് പക്ഷം ചേരുന്നു. ഈ ആരോപണം പിന്നീട് നയിക്കപ്പെടുന്നത് സ്മാര്‍ത്ത വിചാരത്തിലേയ്ക്കാണ്.
സംവിധായകനെ കുറിച്ച്…
സംസ്കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ ജി പ്രഭയാണ് ‘ഇഷ്ടി’യുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ഇഷ്ടി’യുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചതും അദ്ദേഹം തന്നെ. നെയ്യാറ്റിന്‍കര പച്ചിക്കോട് സ്വദേശിയാണ്.
ചെന്നൈയിലെ ലയോള കോളേജിലെ സംസ്കൃത അധ്യാപകനും പൗരസ്ത്യ ഭാഷാ മേധാവിയുമായിരുന്ന പ്രഭ നേരത്തെ രണ്ട് ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിരുന്നു. അതിരാത്രം, അക്കിത്തം അച്ചുതന് നമ്പൂതിരി- മലയാളത്തിലെ മഹാ കവി എന്നിവയായിരുന്നു ഡോക്യുമെന്ററികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: