ചേര്‍ത്തല: സ്വകാര്യ ബസ്റ്റാന്റിനുള്ളിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്രപോലും ദുസ്സഹമായി. നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റാന്റിലെ ടോള്‍പിരിവ് എട്ട് ലക്ഷം രൂപയ്‌ക്കാണ് ഈ വര്‍ഷം ലേലത്തിന് പോയത്. കഴിഞ്ഞ വര്‍ഷം ആറ് ലക്ഷം രൂപയായിരുന്നു ലേലത്തുക. 20 രൂപവീതം ബസ്സ്‌കാരില്‍ നിന്ന് ഒരുദിവസം പിരിച്ചിരുന്നത് ഇപ്പോള്‍ മുപ്പത് രൂപയായി കരാറുകാരന്‍ ഉയര്‍ത്തി. 190 ബസ്സുകളാണ് ഇവിടെ നിന്നും സര്‍വീസ് നടത്തുന്നത്.
തകര്‍ന്ന റോഡ് വലിയ കുഴി രൂപപ്പെട്ടു. ഇതില്‍ അഴുക്ക് നിറഞ്ഞ് മഴവെള്ളം കെട്ടിക്കിടക്കുന്നു. ബസ്സുകള്‍ വരുമ്പോള്‍ ശ്രദ്ധിക്കാതെ അതിനുപിന്നാലെ ഓടുന്ന സ്ത്രീകളും കുട്ടികളും ഈ ചതിക്കുഴിയില്‍ വീണ് പലപ്പോഴും പരിക്കുപറ്റാറുണ്ട്. കൂടാതെ ബസ്സുകള്‍ കുഴിയില്‍ വീഴുമ്പോള്‍ അഴുക്കുവെള്ളം യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചുവീഴുന്നു.
ഓഫീസുകളിലും സ്‌കൂളുകളിലും പോകുന്നതിനായി എത്തുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലും മറ്റും അഴുക്കുവെള്ളം വീഴുമ്പോള്‍ യാത്ര ഇടയ്‌ക്കുവെച്ച് നിര്‍ത്തി തിരികെ വീട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. കുഴിയില്‍ വീണ് ബസ്സുകളുടെ ലീഫുകള്‍ ഒടിയുന്നത് നിത്യസംഭവമാണ്.
ലക്ഷങ്ങള്‍ ടോള്‍പിരിവിലൂടെയും കടമുറിയുടെ വാടകയിനത്തിലും നഗരസഭയ്‌ക്ക് വരുമാനം ലഭിക്കുന്നുവെങ്കിലും ബസ്റ്റാന്റിന്റെ നവീകരണത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
















