ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രി തെരേസാ മേയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് നൂറ്റാണ്ടത്തെ ജനാധിപത്യ പാരമ്പര്യമുളള ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയെന്ന പദവിയാണ് മേയെ കാത്തിരിക്കുന്നത്. 1979 മുതല്‍ 1990 വരെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറാണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി.
മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യവുമായാണ് ബ്രിട്ടനെ നയിക്കാനുളള ഉത്തരവാദിത്തം മേയ് ഏറ്റെടുക്കുന്നത്. കാമറോണ്‍ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയെന്ന പദവിയിലും മികച്ച പ്രകടനമാണ് മേയ് കാഴ്ച വച്ചത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനുളള തീരുമാനത്തെ രാജ്യത്തെ ഭൂരിപക്ഷം ജനതയും പിന്തുണച്ചതോടെ ഡേവിഡ് കാമറോണ്‍ രാജിവച്ചതാണ് പുതിയ പ്രധാനമന്ത്രിയെ തേടാന്‍ രാജ്യത്തെ നിര്‍ബന്ധിതമാക്കിയത്. യൂണിയനില്‍ തന്നെ തുടരണമെന്ന പക്ഷക്കാരിയാണ് മേയെങ്കിലും ജനാഭിലാഷമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് മേയ് വ്യക്തമാക്കിയിട്ടുണ്ട്.
















