കോഴിക്കോട്: മലയാളി അവന്റെ സ്വത്വമായ ഭാഷയെ കൈവിടില്ലെന്ന് നോവലിസ്റ്റ് പി. വത്സല. ശതാഭിഷിക്തനായ കവി എംഎന്‍ പാലൂരിനെ ആദരിക്കാന്‍ കേരള സാഹിത്യസമിതി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി. വത്സല. മാതൃഭാഷയെ മലയാളി എന്നും കാത്തുസൂക്ഷിക്കുമെന്നുറപ്പാണ്. കാമ്പും കഴമ്പുമുള്ള കൃതികള്‍ മലയാളത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ഭാവിയില്‍ കവിതയുണ്ടാകുമോ, എഴുത്തുണ്ടാകുമോ എന്ന ആശങ്കയുണ്ടെങ്കിലും മലയാള ഭാഷ നില നില്‍ക്കുക തന്നെ ചെയ്യും. നവീന ലോകത്ത്, യാന്ത്രിക യുഗത്തില്‍ എങ്ങനെ കവിയായി നില നില്‍ക്കാമെന്ന് എംഎന്‍ പാലൂര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത് ഇതിന്റെ ഉദാഹരണമാണ് അവര്‍ പറഞ്ഞു. എം.എന്‍ പാലൂരിനെ പി. വത്സല പൊന്നാടയണിയിച്ചു. പി.പി. ശ്രീധരനുണ്ണി അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഗോപി, കാസിം വാടാനപ്പള്ളി, ഡോ. ആര്‍സു, സി.വി. സുധീന്ദ്രന്‍, തുളസീദളം, പി. എല്‍. ശ്രീധരന്‍, പി. എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എം.എന്‍.പാലൂര്‍ മറുപടി പ്രസംഗം നടത്തി. അക്ഷര ശ്ലോക കലാസമിതിയുടെ അക്ഷരശ്ലോക സദസ്സുമുണ്ടായി.
















