കണ്ണൂര്‍: വളപട്ടണം പാലത്തിന്റെ ശോച്യാവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണാതെയുള്ള ബന്ധപ്പെട്ടവരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വളപട്ടണം പാലത്തിലൂടെ പോകുന്ന മുഴുവന്‍ സ്വകാര്യബസ്സുകളും 14 മുതല്‍ സര്‍വീസ് മുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. എല്ലാ വര്‍ഷവും മഴക്കാലത്ത് വളപട്ടണം പാലം പൊട്ടിപൊളിയുകയും ഇത് വഴിയുള്ള യാത്ര ബുദ്ധിമുട്ടാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ താത്കാലികമായി കുഴിയടയ്‌ക്കുകയല്ലാതെ ഇതിന് ശാശ്വതമായ പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അധികൃതരോ ഇത് വരെ നീക്കം നടത്തിയിട്ടില്ല. പാലത്തിന് മുകളില്‍ ഇന്റര്‍ ലോക്ക് നടത്തുകയോ പാലം കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയില്ലെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ.സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാതൊരു ദീര്‍ഘവീക്ഷണവുമില്ലാത്ത സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. ശാശ്വതമായ പരിഹാരമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷാവര്‍ഷം പാലത്തിന്റെ അറ്റക്കുറ്റപണിയുടെ പേരില്‍ അഴിമതി നടത്താനാകുകയില്ലെന്നത് കൊണ്ടാണ് ഇതിന് പരിഹാരം കാണാനുള്ള നീക്കങ്ങളുണ്ടാകാത്തതെന്നും വി ജെ സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തി. ജില്ലയിലെ മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞ് ഇത് വഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. പൊട്ടിപൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി, എന്‍എച്ച്, കലക്‌ട്രേറ്റ് എന്നിവിടങ്ങളില്‍ ധര്‍ണാസമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ വി.ജെ.സെബാസ്റ്റ്യന്‍, കെ.രാജ്കുമാര്‍, പി.രജീന്ദ്രന്‍, സി.എം.ശിവരാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















