കുടമാളൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക കുടമാളൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് മുന്നില്‍ മനുഷ്യ വിസര്‍ജ്ജ്യവും മാലിന്യങ്ങളും വലിച്ചെറിഞ്ഞ നടപടിയില്‍ വന്‍പ്രതിഷേധം.
ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളും ക്ഷേത്രജീവനക്കാരുമാണ് മാലിന്യം ആദ്യംകണ്ടത്. പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിച്ച നിലയിലുള്ള മാലിന്യങ്ങളാണ് ക്ഷേത്രത്തിന് മുന്നില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ മാലിന്യം മഴയില്‍ കുതിര്‍ന്ന് പ്രദേശമാകെ വ്യാപിച്ചിരിക്കുകയാണ്.
മനുഷ്യവിസര്‍ജ്ജ്യം അടക്കമുള്ള മാലിന്യത്തില്‍നിന്നും രൂക്ഷമായ ദുര്‍ഗ്ഗന്ധമാണ് ഉയരുന്നത്. മഴവെള്ളത്തില്‍ പരന്നൊഴുകിയ മാലിന്യത്തില്‍ ചവിട്ടാതെ ക്ഷേത്രത്തിനുള്ളില്‍ ഭക്തര്‍ക്ക് പ്രവേശിക്കുവാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇതേ ക്ഷേത്രത്തിന് മുന്നില്‍ മൂന്നാംതവണയാണ് ഇങ്ങനെ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
മുമ്പ് മത്സ്യത്തിന്റയും മാംസത്തിന്റെയും അവശിഷടങ്ങളാണ് ഇതുപോലെ ഇവിടെ വലിച്ചെറിഞ്ഞത്. സമീപമുള്ള സര്‍പ്പക്കാവിന്റെ പരിസരത്തും മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. കുടമാളൂര്‍ കവലയില്‍നിന്നും തെക്കേ മനയിലേക്ക് പോകുന്ന റോഡിന്റെ സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മേജര്‍ ക്ഷേത്രമായ വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മൈനര്‍ ക്ഷേത്രമാണ് ഇത്.
നൂറ്റാണ്ടുകളുടെ പഴക്കമാണ് ഈ ക്ഷേത്രത്തിനുള്ളത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നിത്യേന രണ്ടുനേരവും പൂജകളുള്ള ഈ ക്ഷേത്രത്തില്‍ അന്യനാടുകളില്‍ നിന്നടക്കം ധാരാളം ഭക്തജനങ്ങളാണ് പ്രതിദിനം ദര്‍ശനത്തിനായി എത്തുന്നത്. ഇതിന് സമീപമുള്ള പടിഞ്ഞാറ്റുകാവ് ക്ഷേത്രപരിസരത്തും മറ്റും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. ക്ഷേത്രപരിശുദ്ധിക്ക് കളങ്കംവരുത്തുകയും വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് നാടിന്റെ സമാധാനം നശിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്നാവശ്യപ്പെട്ട് ക്ഷേത്രോപദേശകസമിതി ഉന്നതാധികാരികള്‍ക്ക് പരാതിനല്‍കി.
ദേവസ്വം സബ്ഗ്രൂപ്പ് ആഫീസറും ദേവസ്വം അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ച വാഹനത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും നാട്ടുകാര്‍ പറയുന്നു.
















