മുഹമ്മ: ക്ഷേമരാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ശ്രീനാരയണ ഗുരുദേവന്‍ നിര്‍ദേശിച്ചിരുന്നതായി ശിവഗിരി മഠാധിപതി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. മുഹമ്മ ആര്യക്കര ദേവീക്ഷേത്ര ചുറ്റമ്പല സമര്‍പ്പണ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും ഉദ്യാനങ്ങളും ഉണ്ടാകണമെന്ന് ഗുരു ആഗ്രഹിച്ചിരുന്നു. നല്ലപുസ്തകങ്ങള്‍ വായിച്ചാല്‍ വിവേകമുണ്ടാകും. ഇത് അമ്മയേയും സഹോദരിയേയും തിരിച്ചറിയാന്‍ പ്രാപ്തരാക്കും. 1912ല്‍ ശാരദാപ്രതിഷ്ഠ സമയത്ത് വ്യവസായ ശാലകളും കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കാന്‍ ഗുരു നിര്‍ദേശിച്ചിരുന്നു.
ഇന്ന് നമ്മുടെ കായിക പ്രതിഭകളെ വിദേശ രാഷ്‌ട്രങ്ങള്‍ വിലക്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം പ്രസിഡന്റ് എന്‍ കെ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു.
ശിവഗിരി മഠം സുഗതന്‍ തന്തികളുടെയും ബിജു ശാന്തികളുടെയും നേതൃത്വത്തില്‍ ഉപദേവത പ്രതിഷ്ഠയും നടന്നു.
















