സിഡ്‌നി: ഫെഡറൽ തെരഞ്ഞെടുപ്പിൽ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺ ബുള്ളിനു വിജയം. പാർലമെന്റ് അധോസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേതാവ് ബിൽ ഷോർടെണ്ണിനെ ചെറിയ ഭൂരിപക്ഷത്തിനാണ് ടേൺബുൾ പരാജയപ്പെടുത്തിയത്.
ഫെഡറൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 150 സീറ്റുകളിലാണ് ടേൺ ബുള്ളിനെ പിന്തുണയ്‌ക്കുന്നവർ മത്സരിച്ചത്. ഇതിൽ 74 സീറ്റുകളിൽ വിജയിക്കുമെന്ന് പൂർണ്ണ പ്രതീക്ഷയുണ്ടായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
ഇരു വിഭാഗത്തിന്റേയും പിന്തുണയോടെ പാർലമെന്റ് നടപടിക്രമങ്ങൾ തുടർന്നുകൊണ്ടുപോകാമെന്ന ഷോർട്ടന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പാർലമെന്റ് പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാം.
അതേസമയം നിലവിലെ മന്ത്രിമാരുടെ ഘടനയിൽ ചില മാറ്റങ്ങളുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എംപിമാരിൽ നിന്നും അവരുടെ ചുമതലകൾ വീണ്ടെടുക്കുന്നതാണ്.
ഇതുസംബന്ധിച്ച് ജൂലൈ 18ന് അന്തിമ തീരുമാനമുണ്ടാകും. ഭാവി തലമുറയുടെ രക്ഷാധികാരികളാണ് തന്റെ പാർട്ടിയെന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും ടേൺബുൾ കൂട്ടിച്ചേർത്തു. അതിനിടെ ഭരണകാര്യങ്ങൾ ഇതിലും മികച്ച രീതിയിൽ നടത്തിക്കൊണ്ടു പോകാൻ ടേൺബുള്ളിന് കഴിയട്ടേയെന്ന് ഷോർടെൺ ആശംസിച്ചു.
















