ചേര്‍ത്തല: നഗരസഭയുടെ അഴിമതിയുടെ സാക്ഷ്യപത്രമായി ബഹുനില വ്യാപാരസമുച്ചയത്തിലെ ശുചിമുറിയുടെ ഭിത്തി തകര്‍ത്ത് ഷട്ടര്‍ സ്ഥാപിച്ചു. ശുചിമുറി കടമുറിയായി രൂപമാറ്റം വരുത്തുന്നതിനാണ് ഷട്ടര്‍ സ്ഥാപിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഇവിടെ ഷട്ടര്‍ ഘടിപ്പിച്ചത്.
കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാലുനിലകളുള്ള വ്യാപാരസമുച്ചയത്തിലാണ് ശുചിമുറി കടമുറിയാക്കുന്നത്. കെട്ടിടത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ താഴത്തെ നിലയിലാണ് ശുചിമുറി കടമുറിയാക്കുന്നത്. അതീവ രഹസ്യമായാണ് സ്വകാര്യവ്യക്തി ഈ ജോലി തുടരുന്നത്. ഇതിന് നഗസരഭ ഭരണനേതൃത്വത്തിന്റെ ഒത്താശയുണ്ടെന്ന് ആക്ഷേപം ഉണ്ട്. താഴത്തെ നിലയില്‍ മുറികള്‍ കെട്ടിടത്തിന്റെ നിര്‍മാണഘട്ടത്തില്‍തന്നെ വാടകയ്‌ക്ക് പോയതാണ്. നാലുനിലകളിലായി 35ല്‍പരം സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. പുതുതായി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ താഴത്തെ നിലയില്‍ മുറിതേടി നിരവധി പേരാണ് നെട്ടോട്ടം ഓടുന്നത്. എന്നാല്‍ അതിനുള്ള സൗകര്യം ലഭിച്ചില്ല.മാത്രമല്ല, ശുചിമുറി വ്യാപകമാക്കുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പരിഗണന നല്‍കുന്ന ഘട്ടത്തലാണ് നിലവിലുള്ള ശുചിമുറി നഗരസഭ കടമുറിയാക്കി മാറ്റുന്നത്.
















