കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വിവിധ മേഖലകളില്‍ മേയറെ അറിയിക്കാതെ പി.കെ.ശ്രീമതി എംപി സന്ദര്‍ശനം നടത്തുന്നതില്‍ മേയര്‍ക്ക് അതൃപ്തി. അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് കോര്‍പറേഷനിലെ വിവിധ പ്രദേശങ്ങളില്‍ എംപി സന്ദര്‍ശനം നടത്തുന്നത് മേയറുടെ അസാന്നിധ്യത്തിലാണ്. കോര്‍പറേഷന്‍ പരിധിയിയിലെ വിവിധ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാതെ ജീവിക്കുന്ന നിരവധി പേരുണ്ട്. കാലാകാലമായി കോണ്‍ഗ്രസ്സാണ് കണ്ണൂര്‍ മുനിസിപ്പാലിറ്റി ഭരിച്ചിരുന്നത്. എന്നാല്‍ വികസന മുരടിപ്പിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച സിപിഎം കോര്‍പറേഷന്റെ ഭരണ സാരഥ്യമേറ്റെടുത്തിട്ടും വികസന കാര്യത്തില്‍ അല്‍പം പോലും മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആയിക്കരയിലെ ഉപ്പാലവളപ്പില്‍ മത്സ്യത്തൊഴിലാളി ചേരിയിലെത്തിയ പി.കെ.ശ്രീമതി പറഞ്ഞത് ഇവിടുത്തെ മനുഷ്യരുടെ ജീവിതം പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണെന്നാണ്. എന്നാല്‍ പി.കെ.ശ്രീമതി നേരത്തെ സംസ്ഥാനം ഭരിച്ച മന്ത്രിയായിരുന്നുവെന്ന വസ്തുത ബോധപൂര്‍വ്വം വിസ്മരിച്ചുകൊണ്ടാണ് ഇപ്പോള്‍ പ്രസ്താവന നടത്തുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതിയെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ളതാണ് എംപിയുടെ സന്ദര്‍ശനവും പരസ്യപ്രസ്ഥാവനയുമെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജനങ്ങളുടെ ഇത്തരം ദുരവസ്ഥ കോര്‍പറേഷന്‍ മേയറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് എംപിയുടെ സന്ദര്‍ശനമെന്നും ആരോപണമുണ്ട്. നേരത്തെ സ്ഥലം എംഎല്‍എയായിരുന്ന എ.പി.അബ്ദുള്ളക്കുട്ടിയെ അറിയിക്കാതെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ എംപി സന്ദര്‍ശിച്ചത് രാഷ്‌ട്രീയ ഏറ്റ് മുട്ടലിന് വഴിവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കോര്‍പറേഷന്‍ മേയറെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള സന്ദര്‍ശനവും പ്രഖ്യപനങ്ങളും.
















