കോട്ടയം: ഒട്ടേറെ പ്രതീക്ഷകള്‍ ബാക്കിവച്ച ബജറ്റില്‍ ജില്ലയ്‌ക്ക് കനത്ത അവഗണന. തികച്ചും രാഷ്‌ട്രീയ പ്രേരിതമായ ബജറ്റില്‍ ഇടത് ജനപ്രതിനിധികളുടെ മണ്ഡലങ്ങള്‍ക്ക് മാത്രമാണ് പരിഗണന നല്‍കിയത്. ഏറ്റുമാനൂര്‍, വൈക്കം, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ മാത്രമായി പദ്ധതികള്‍ ഒതുങ്ങി. സിപിഎംഎല്‍എ സുരേഷ്‌കുറുപ്പ് ജനപ്രതിനിധിയായ ഏറ്റുമാനൂരില്‍ റിംഗ്‌റോഡ് നിര്‍മ്മാണത്തിന് 30കോടി, ഫ്‌ളൈയോവറിന് 30കോടി എന്നിങ്ങനെ 60കോടി ലഭിച്ചു. അക്കരപ്പാടം-കൂട്ടുങ്കല്‍ പാലത്തിനായുള്ള 15 കോടി മാത്രമാണ് വൈക്കത്തിന് ആകെ ലഭിച്ചത്. ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റോഡിന് 25 കോടി, ഉഴവൂര്‍ ബൈപ്പാസ്-15കോടി, ചങ്ങനാശ്ശേരി-കവിയൂര്‍ റോഡിന് 15 കോടി എന്നിവയാണ് ജില്ലയ്‌ക്ക് ലഭിച്ച മറ്റ് പദ്ധതികള്‍. മണ്ഡലങ്ങളിലെ വികസനം ലക്ഷ്യംവച്ച് ജില്ലയിലെ ഒമ്പത് എംഎല്‍എമാരും ഒട്ടനവധി പദ്ധതികള്‍ ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതികളില്‍ ബഹുഭൂരിഭാഗവും തഴയപ്പെട്ടു. ജില്ലയ്‌ക്ക് ആകെ 130 കോടിരൂപ ലഭിച്ചപ്പോള്‍ ഏറ്റുമാനൂരിലെ രണ്ട് പദ്ധതികള്‍ക്ക് മാത്രമായി 60 കോടിയാണ് അനുവദിക്കപ്പെട്ടത്. ജില്ലയുടെ സിരാകേന്ദ്രമായ കോട്ടയം നഗരത്തിലെ ആകാശപാതയുടെ നിര്‍മ്മാണത്തിന് തുക അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ചങ്ങനാശ്ശേരി പടിഞ്ഞാറന്‍ ബൈപ്പാസ്, ടൂറിസം ബോട്ടുജെട്ടി പദ്ധതികള്‍, പൊതുമരാമത്ത് റോഡുകളുടെ നവീകരണം എന്നിവയും അട്ടിമറിക്കപ്പെട്ടു.
പാമ്പാടി താലൂക്കാശുപത്രിയുടെ വികസനത്തിന് തുക വകയിരുത്തും എന്ന പ്രതീക്ഷയും ഇല്ലാതായി. ഏറ്റുമാനൂര്‍-ഈരാറ്റുപേട്ട ഹൈവേ നാലുവരിയാക്കാനുള്ള നിര്‍ദ്ദേശവും പരഗണിക്കപ്പെട്ടില്ല. വലവൂരിലെ ഇന്‍ഫോ സിറ്റിക്ക് തുക വകയിരുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. പാലാ നഗരസഭാ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനും ജനറല്‍ ആശുപത്രി നവീകരണത്തിനും ഇത്തവണ തുകയില്ല. വാഗമണ്‍ ടൂറിസത്തിന്റെ ഭാഗമായ മുട്ടം-ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ തുടര്‍നിര്‍മ്മാണത്തിന് പണം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. വൈക്കത്തെ ചെമ്പുവാലയില്‍ പാലം, മൂലേക്കടവ് പാലം, അഞ്ചുമന പാലം, വൈക്കം-വെച്ചൂര്‍-കൈപ്പുഴമുട്ട് റോഡ് വീതികൂട്ടല്‍, താലൂക്കാശുപത്രിയുടെ ആധുനിക വത്കരണം, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കെട്ടിം, കല്ലറ മുണ്ടാര്‍ ടൂറിസം പാക്കേജ് എന്നിവയും തുക അനുവദിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതാണ്.
കാഞ്ഞിരപ്പള്ളി ബൈപ്പാസ്, ജനറല്‍ ആശുപത്രി കെട്ടിടനിര്‍മ്മാണം, ചിറയ്‌ക്കല്‍ കടവ് പാലം, നെടുംകുന്നം ആയുര്‍വ്വേദ ആശുപത്രിയുടെ വികസനം, പൊന്‍കുന്നം സ്‌പോര്‍ട്‌സ് സ്‌കൂള്‍ കെട്ടിടം എന്നീ പദ്ധതികള്‍ക്കും തുക അനുവദിക്കണമെന്ന് ആവശ്യംഉയര്‍ന്നിരുന്നു. കടുത്തുരുത്തിയിലെ ഞീഴൂരില്‍ അനുവദിച്ച കില റീജീയണല്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍, മാഞ്ഞൂര്‍ പോലീസ്‌റ്റേഷന്‍ കെട്ടിടനിര്‍മ്മാണം, കുറവിലങ്ങാട് അനുവദിച്ച കാര്‍ഷിക പോളിടെക്‌നിക് നിര്‍മ്മാണം, ഉഴവൂര്‍- മോനിപ്പള്ളി-കീഴൂര്‍-ആയാംകുടി-മെഡിക്കല്‍ കോളേജ് റോഡിന്റെ പൂര്‍ത്തീകരണം, കടുത്തുരുത്തി, കുറുപ്പുന്തറ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തുക എന്നീ പദ്ധതികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച പദ്ധതികള്‍ അപ്പാടെ തഴയപ്പെട്ട ബജറ്റില്‍ യുഡിഎഫ് പ്രതിനിധികളുടെ മണ്ഡലത്തെ അപ്പാടെ അവഗണിക്കപ്പെട്ടു. പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം മണ്ഡലങ്ങളില്‍ ഒരു ചില്ലിക്കാശുപോലും അനുവദിക്കാന്‍ തോമസ് ഐസക്ക്് തയ്യാറായില്ല.
















