എടത്വ: റീ സര്‍വേ നടത്താത്തത് ജനങ്ങളെ പെരുവഴിയിലാക്കി. അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. കുട്ടനാട്ടിലുടനീളം റീസര്‍േവ നടന്നിട്ടും എടത്വ, വെളിയനാട്, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകളില്‍ റീ സര്‍വേ നടക്കാത്തതാണ് ജനങ്ങള്‍ പെരുവഴിയിലാകാന്‍ കാരണം. വീടോ, സ്ഥാപനങ്ങളോ നിര്‍മിച്ചാല്‍ വീട്ടുനമ്പര്‍ ഇട്ടുകിട്ടാത്ത അവസ്ഥയിലാണ്. നൂറുവര്‍ഷത്തോളമായി പുരയിടമായി കിടക്കുന്ന വസ്തുക്കള്‍ പോലും കരം തീരുവ രസീതില്‍ നിലമെന്നു രേഖപ്പെടുത്തുന്നതാണ് വീട്ടുനമ്പര്‍ ഇട്ട് കിട്ടാന്‍ തടസത്തിനു കാരണം. ഇതുമൂലം പുറമ്പോക്കുകള്‍ തിട്ടപ്പെടുത്താനോ കൈയേറ്റങ്ങള്‍ ഒഴിവാക്കാനോ പഞ്ചായത്ത് അധികൃതര്‍ക്കും കഴിയാത്ത അവസ്ഥയിലാണ്. പുരയ്‌ക്കു നമ്പര്‍ ഇട്ടുകിട്ടാത്തതിനാല്‍ വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ ലഭിക്കുന്നില്ല. നൂറുകണക്കിന് നിര്‍ധനര്‍ക്കു ഒരു സെന്റ് ഭൂമി പോലും ഇല്ലാതിരിക്കുമ്പോള്‍ നദിയോരവും പുറമ്പോക്കുകളും കൈവശപെടുത്തിയിരിക്കുന്നവര്‍ നിരവധിയാണ്. റീസര്‍വേ നടക്കാത്തതിനാല്‍ ഇവരില്‍ നിന്നും ഭൂമി തിരികെ പിടിച്ചു നിര്‍ദ്ധനര്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വില്ലേജാഫീസുകളിലെ പഴയ റിക്കാര്‍ഡുകളെല്ലാം പൊടിഞ്ഞു തിരിച്ചറിയാന്‍ ആവാത്ത അവസ്ഥയിലാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. നിലം പുരയിടമായ വസ്തുക്കള്‍ പുരയിടമായി കരം തീരുവാന്‍ വളരെ ദീര്‍ഘവും ക്ലേശകരവുമായ നടപടികളാണു നിലവിലുള്ളത്. ഈ പ്രദേശത്തെ ന്യായവില സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കാലപ്പഴക്കംമൂലം ബേസിക് ടാക്‌സ് രജിസ്റ്റര്‍, ഫീല്‍ഡ് മാപ്പ് ഉള്‍പ്പെടുന്ന രജിസ്റ്ററുകള്‍ എല്ലാം ഇല്ലാതായി തീര്‍ന്നിരിക്കുകയുമാണ്.
















