റിയാദ്: സൗദിയിലെ ചാവേറാക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് 12 പാക്കിസ്ഥാനികളടക്കം 19 പേരെ അറസ്റ്റ് ചെയ്തതായി സൗദി മന്ത്രാലയം വ്യക്തമാക്കി. മൂന്ന് പ്രദേശങ്ങളിലും ആക്രമണം നടത്തിയ ചാവേറുകളുടെ വിവരങ്ങൾ ലഭിച്ചുവെന്ന് എസ്‌പിഎ ന്യൂസ് ഏജൻസിക്ക് നൽകിയ വാർത്താ കുറിപ്പിൽ മന്ത്രാലയം അറിയിച്ചു.
സൗദി പൗരനായ ഹമീദ് അൽ ബലാവിയാണ് മദീനയിൽ ആക്രമണം നടത്തിയത്. അമിത മയക്കുമരുന്നിന് അടിമയായ ഇയാള ഭീകര സംഘടന ചാവേറായി തിരഞ്ഞെടുക്കുകയായിരുന്നു. ഖത്തീഫിൽ മൂന്ന് ചാവേറുകളാണ് ആക്രമണം നടത്തിയത്. മുഹമ്മദ് അൽഅമർ എന്നയാളാണ് ഖത്തീഫിലെ സ്ഫോടനങ്ങൾക്ക് ചുക്കാൻ പിടിച്ചതെന്നും മന്ത്രാലയം പറയുന്നു. ജിദ്ദയിൽ 12 വർഷമായി വസിക്കുന്ന പാക്കിസ്ഥാനിയായ അബ്ദുള്ള ഖൽസർ ഖാൻ എന്ന ഡ്രൈവറാണ് ചാവേറായി പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച മൂന്ന് പ്രദേശങ്ങളിലുണ്ടായ ചാവേറാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കുമേറ്റിരുന്നു. ജിദ്ദയിലെയും മദീനയിലെയും പള്ളികൾക്ക് സമീപത്ത് ഇഫ്താർ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവരാണ് കൊല്ലപ്പെട്ടവർ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല.
അതേ സമയം ഈ ആക്രമണം സൗദിക്കെതിരെയുള്ള യുദ്ധമായി കാണുകയാണെന്ന് ഐഎസ് വക്താക്കൾ പറഞ്ഞു. സിറിയയിലും ഇറാഖിലും അമേരിക്കയോടൊപ്പം ഒരുമിച്ച് ജിഹാദികൾക്കെതിരെ പോരാടുന്ന സൗദിക്ക് മുന്നറിയിപ്പാണ് ഈ ആക്രമണമെന്നും ഐഎസ്കുട്ടിച്ചേർത്തു.
















