തിരുവനന്തപുരം: നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പുതിയ മേല്‍ക്കൂരയുടെ നിര്‍മ്മാണ ജോലികള്‍ ഇഴയുന്നു. ഡിസംബറില്‍ പണി ആരംഭിച്ച് 6 മാസംകൊണ്ട് പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാല്‍ ഇനിയും രണ്ടു മാസമെങ്കിലും കഴിയാതെ പണി പൂര്‍ത്തിയാക്കാനാകില്ല. മഴ കാരണം വെല്‍ഡിംഗ് ജോലികളില്‍ കാലതാമസമുണ്ടാകുന്നു എന്നാണ് കാരണമായി പറയുന്നത്. കഴിഞ്ഞ നവംബറിലാണ് നവീകരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് നിശാഗന്ധിക്ക് മേല്‍ക്കൂര പണിയാന്‍ തീരുമാനിച്ചത്. ബട്ടര്‍ഫ്ളൈ മോഡല്‍ റൂഫിംഗാണ് ഒരുക്കുന്നത്. ഓഡിറ്റോറിയത്തിന്റെ നടുവില്‍ തൂണ് വരാത്ത രീതിയില്‍ നിശാഗന്ധിക്ക് ചുറ്റും 12 തൂണുകളില്‍ നില്‍ക്കുന്ന വിധമാണ് ബട്ടര്‍ഫ്ളൈ റൂഫ് സ്ഥാപിക്കുന്നത്. ഇത് സ്റ്റേഡിയത്തിലെ പരിപാടികള്‍ തടസമില്ലാതെ കാണാന്‍ സഹായിക്കും. പ്രകൃതിക്കിണങ്ങുംവിധം പച്ച നിറത്തിലുള്ളതാണ് മെറ്റല്‍ റൂഫിംഗ്.
ചെന്നൈ ഐഐടി സ്ട്രക്ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം മേധാവിയായിരുന്ന അരവിന്ദനാണ് മേല്‍ക്കൂര വിഭാവനം ചെയ്തത്. മൂന്നരക്കോടി രൂപയുടെ പദ്ധതിയാണിത്. ഇതുവരെ രണ്ടേമുക്കാല്‍കോടിയോളം രൂപ ചെലവായി. സ്റ്റീല്‍ ഇന്‍ഡസ്റ്റട്രിയല്‍ കേരള ലിമിറ്റഡ് (സില്‍ക്ക്‌സ്) ആണ് മേല്‍ക്കൂരയുടെ നിര്‍മ്മാണച്ചുമതല. 33,000 സ്‌ക്വയര്‍ഫീസ് വിസ്തീര്‍ണത്തിലാണ് റൂഫ് നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിനായി 70 സെന്റീമീറ്റര്‍ വ്യാസമുള്ള തൂണുകളില്‍ മേല്‍ക്കൂര സ്ഥാപിക്കുന്നതിന് 80 ടണ്‍ കമ്പികളാണ് വേണ്ടിവരുന്നത്. അതിനുമുകളില്‍ ജിഐ ഷീറ്റ് ഘടിപ്പിക്കും. ഓണത്തിനുമുന്‍പ് പണി പൂര്‍ത്തിയാക്കി നല്‍കുമെന്നാണ് കരാറുകാര്‍ പറയുന്നതെങ്കിലും പണി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. മേല്‍ക്കൂര വരുന്നതോടെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നിശാഗന്ധി പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയും. പുതിയ ശബ്ദ സംവിധാനങ്ങളും നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകും. ഓപ്പണ്‍ ഓഡിറ്റോറിയത്തിന് മേല്‍ക്കൂര വരുന്നതോടെ മഴയെയും വെയിലിനെയും ഭയക്കാതെ നിശാഗന്ധിയിലെ പരിപാടികള്‍ കാണികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. പ്രകൃതി രമണീയമായ ഈ ഓഡിറ്റോറിയത്തിന്റെ നൈസര്‍ഗിക നഷ്ടപ്പെടുമെന്ന് പറഞ്ഞ് പ്രകൃതി സ്‌നേഹികകളും സാംസ്‌കാരിക നായകന്മാരും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.
















