കണ്ണൂര്‍: കണ്ണൂരിനെ എല്ലാ വീടുകളിലും കക്കൂസുള്ള ജില്ലയാക്കാനുള്ള പ്രവര്‍ത്തനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സന്നദ്ധസംഘടനകെളയും കൂടി പങ്കാളിയാക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ കക്കൂസുകള്‍ ആവശ്യമുള്ള കോളനികള്‍, കടലോര മേഖല, മലയോര മേഖലയിലെ ദുര്‍ഘട പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കും. ഇവിടങ്ങളില്‍ വ്യക്തിഗതമായി കക്കൂസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാകും. ഇത്തരം സ്ഥലങ്ങളില്‍ എന്‍എസ്എസ്, കുടുംബശ്രീ, സൈനിക വിഭാഗങ്ങള്‍ എന്നിവയുടെ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ഇതിനകം നൂറിലധികം എന്‍എസ്എസ് യൂനിറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
ഇത്തരം പ്രദേശങ്ങള്‍ക്കായി പ്രത്യേക പദ്ധതി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ചേര്‍ന്ന് തയ്യാറാക്കും. ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ട് കാരണം ശുചിത്വമിഷന്‍ നല്‍കുന്ന തുകക്ക് കക്കൂസ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കേസുകളില്‍ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കും. കക്കൂസ് നിര്‍മിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് ഏറ്റവും അവശ്യം വേണ്ട നിര്‍മാണം ഉറപ്പാക്കി മറ്റ് എസ്റ്റിമേറ്റ് വ്യവസ്ഥകളില്‍ ഇളവ് നല്‍കും. ഇതിന് ആവശ്യമായ ഉത്തരവ് സര്‍ക്കാരില്‍ നിന്ന് അടുത്തദിവസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവുമധികം കക്കൂസുകള്‍ നിര്‍മിക്കേണ്ട 18 ഗ്രാമ പഞ്ചയാത്തുകള്‍ക്ക് മാത്രമായിരിക്കും ഈ ഇളവ്. ഈ പഞ്ചായത്തുകളില്‍ ആകെ 4000 ത്തോളം കക്കൂസ് നിര്‍മിക്കാനുണ്ട്. പട്ടികവര്‍ഗ മേഖലകളില്‍ നിര്‍മാണ ചുമതല സന്നദ്ധസംഘടനളെയോ കരാറുകാരെയോ ഏല്‍പ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. എങ്കില്‍ മാത്രമേ നിശ്ചിതസമയത്ത് പ്രവൃത്തി പൂര്‍ത്തിയാക്കാനാകൂ എന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തത്. തനത് ഫണ്ട് ലഭ്യമല്ലാത്ത ഗ്രാമ പഞ്ചായത്തുകള്‍ക്ക് അടിയന്തിരമായി ശുചിത്വമിഷന്റെ ഫണ്ട് ലഭ്യമാക്കാന്‍ നടപടി എടുക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.
സ്ഥലത്തിന്റെ ഉടമസ്ഥതയുടെ സ്വഭാവം നോക്കാതെ എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കയ്യേറ്റ ഭൂമിയിലാണ് വീടെങ്കില്‍പ്പോലും കക്കൂസ് നിര്‍മിച്ച് നല്‍കുന്നതിന് തടസ്സമില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. പട്ടികവര്‍ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പുകളുടെ ഈ ഇനത്തിലെ ഫണ്ട് കൂടി ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ശുചിത്വമിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍മാരായ ഇ.മോഹനന്‍, സുരേഷ് കസ്തൂരി 18 ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ടുമാര്‍, കോര്‍പ്പറേഷന്‍ പ്രതിനിധി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
















