ചക്കരക്കല്‍: ചക്കരക്കല്‍ പോലീസ്‌സ്റ്റേഷന് നേരെയുണ്ടായ ബോംബാക്രമണ സംഭവം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിയമവാഴ്ച തകര്‍ന്നുഎന്നതിന്റെ പ്രകടമായ തെളിവാണെന്നും സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ബിജെപി ധര്‍മ്മടം നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നീതി നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയും തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ അക്രമിച്ച് നിശബ്ദരാക്കാനുമുള്ള ശ്രമവും കാലങ്ങളായി ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ സിപിഎം നടത്തിവരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സിപിഎം പിണറായി പഞ്ചായത്തില്‍ നടത്തിയ മനുഷ്യത്വ രഹിതമായ അക്രമങ്ങളില്‍ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇത്തരം കേസുകളില്‍ നടപടിയെടുക്കുന്നതിന് സിപിഎം പോലീസിന് കൂച്ചുവിലങ്ങിടുകയായിരുന്നു. തുടര്‍ച്ചായി ചക്കരക്കല്‍മേഖലയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മുഖ്യസ്ഥാനത്ത് സിപിഎമ്മാണ്. ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രഞ്ചിത്ത്, അഞ്ചരക്കണ്ടിയില്‍ ബസ് ഡ്രൈവറായ ഉദയകുമാര്‍ എന്നിവര്‍ക്കുനേരെയുണ്ടായ വധശ്രമ കേസുകളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. അടുത്തിടെ ആര്‍എസ്എസ് ചക്കരക്കല്‍ താലൂക്ക് സഹകാര്യവാഹ് പവിത്രന്റെ വീടിനും കാനച്ചേരിയിലും നടന്ന ബോംബാക്രമണ കേസുകളിലെ പ്രതികളും സിപിഎമ്മുകാരാണ്. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ മണല്‍ ലോറി തട്ടിയെടുക്കല്‍ സംഘത്തിലെ പ്രതികളും സിപിഎമ്മുകാരാണ്. ഈ മേഖലയില്‍ ബോംബ് നിര്‍മ്മാണവും വ്യാപകമാണ്.
ചില കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്താല്‍ ഇവരെ രക്ഷിക്കാന്‍ നിയമസംവിധാനങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുകയാണ് പതിവ്. ചക്കരക്കല്‍ പോലീസ്‌സ്റ്റേഷന് നേരെ ഇതിനു മുമ്പ് മുന്‍ എംഎല്‍എ കെ.കെ.നാരായണന്റെ നേതൃത്വത്തില്‍ അക്രമമുണ്ടായെങ്കിലും പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് രക്ഷപ്പെടുത്താനാണ് ചില പോലീസുകാര്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണ കേസും ഈ ഗണത്തിലേക്ക് മാറാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
നിയമസംവിധനത്തെയും ജനാധിപത്യ സംവിധാനങ്ങളെയും തകിടം മറിക്കുന്ന ഇത്തരം അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ ജനം ഒറ്റപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആര്‍.കെ.ഗിരിധരന്‍. കെ.പി.ഹരീഷ് ബാബു, അനില്‍കുമാര്‍ വെണ്ടുട്ടായി, പി.ആര്‍.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















